[] കോഴിക്കോട്:ടി.പിവധക്കേസിലെ പ്രതികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച വാര്‍ത്ത പുതിയ തലങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഭര്‍ത്താവും ടി.പിക്കേസിലെ പ്രതിയുമായ പി മോഹനനെ വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എ കെ.കെ ലതികയെ പോലീസ് തടഞ്ഞു.
തിങ്കളാഴ്ച്ച ഒരുമണിയോടെയാണ് ടി.പിക്കേസിലെ 14ാം പ്രതിയും സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.മോഹനനെ കാണാന്‍ കെ.കെ ലതിക എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എത്തിയത്.
കേസില്‍ പ്രതിഭാഗത്തിന്റെ വാദം നടക്കുന്നതിനാല്‍ മറ്റ് പ്രതികളോടൊപ്പം മോഹനനെയും കോടതിയില്‍ എത്തിച്ചിരുന്നു.
കോടതിയിലെത്തിയ ലതിക വിചാരണക്കോടതിമുറ്റത്തേക്ക് പ്രവേശിക്കുന്നതും അവിടെ വച്ച് മോഹനനെ കാണാന്‍ ശ്രമിച്ചതുമാണ് പോലീസ് തടഞ്ഞത്.
മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുണ്ടെന്നും കാണാനാകില്ലെന്നും പറഞ്ഞതോടെ മടങ്ങിയ എം.എല്‍.എ മടങ്ങിയെങ്കിലും ഒരു മണിക്കൂറിന് ശേഷം വീണ്ടും എത്തി.
എം.എല്‍.എ യുടെവരവിന് തൊട്ടുപിന്നാലെ മുന്‍ എം.പി പി.സതീദേവി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.കുഞ്ഞഹമ്മദ് കുട്ടി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്‍ എന്നിവരും എത്തി.
തുടര്‍ന്ന് കുഞ്ഞഹമ്മദ് കുട്ടി ജനപ്രതിനിധികള്‍ക്ക് റിമാന്‍ഡ്പ്രതികളെ കോടതി വളപ്പില്‍ കാണാന്‍ അധികാരമുണ്ടെന്ന് പോലീസിനോട് വാദിച്ചെങ്കിലും മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുണ്ടെന്ന് പോലീസ് തീര്‍ത്തു പറഞ്ഞതോടെ എം.എല്‍.എയും സംഘവും മടങ്ങി.
പ്രതികളുടെ ഫോണ്‍ നിശ്ചലമായത് ലതിക എം.എല്‍.എയുടെ സന്ദര്‍ശനത്തിന് ശേഷമാണെന്ന പോലീസ് കണ്ടെത്തലിനെത്തുടര്‍ന്ന് എം.എല്‍.എ ക്കെതിരെ ജയില്‍വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം രണ്ടിന് രാവിലെ 10.35നാണ് ടി.പിക്കേസിലെ പ്രതികളായ കൊടിസുനി, കിര്‍മാണി മനോജ് എന്നിവരടക്കമുള്ള സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടത്.
ടി.പിക്കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയോട് ചാനല്‍ ലേഖകന്‍ സംസാരിക്കുന്ന വാര്‍ത്തയാണ് പുറത്തുവിട്ടത്.
ചാനല്‍ വാര്‍ത്ത വിട്ടതിന് തൊട്ട് പിന്നാലെ 11.30 ന് ലതിക എം.എല്‍.എ യും മറ്റുമൂന്ന് പേരുമടങ്ങുന്ന സംഘം ജയില്‍ സന്ദര്‍ശിക്കുകയും പി.പി മോഹനന് മൂന്ന് കവറുകളില്‍ വസ്ത്രങ്ങള്‍ കൈമാറുകയും ചെയ്തു എന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇതിനുതൊട്ട് പിന്നാലെ മുഹമ്മദ് ഷാഫിയുടേതടക്കമുള്ള ഫോണുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ വച്ചായിരുന്നു പി.മോഹനന്റെ ഭാര്യയും എം.എല്‍.എയുമായ ലതിക മോഹനനെ സന്ദര്‍ശിച്ചതും കവര്‍ കൈമാറിയതും.
എന്നാല്‍ മുറിയില്‍ നിരീക്ഷണക്യാമറ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ സംസാരിച്ചതെന്തെന്നോ മോഹനനന്‍ എന്തെങ്കിലും വസ്തുക്കള്‍ തിരികെ കൈമാറിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
അതേസമയം ടി.പിക്കേസിലെ പ്രതികള്‍ താമസിക്കുന്ന സെല്‍ബ്ലോക്കിന്റെ സുരക്ഷ ഞായറാഴ്ച്ച മുതല്‍മുതല്‍ വര്‍ധിപ്പിച്ചു. പ്രതികളുടെ അകത്തേക്കും പുറത്തേക്കുമുള്ള നീക്കങ്ങള്‍ സന്ദര്‍ശിക്കാനായി നിരീക്ഷണമുറിയും സ്ഥാപിച്ചു.