| Friday, 27th January 2023, 11:49 am

നിങ്ങളൊക്കെ എഡ്.ഡി.പി.ഐക്കാരല്ലേ? കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് പൊലീസ്; ഹോസ്റ്റലില്‍ പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം പൊലീസ് തടഞ്ഞു. പ്രദര്‍ശനം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളോട് നിങ്ങളൊക്കെ എസ്.ഡി.പി.ഐക്കാരല്ലേ എന്ന് ചോദിച്ച് പൊലീസ് അധിക്ഷേപിക്കുകയും ചെയ്തതായി പരാതി.

പ്രദര്‍ശനത്തിന് ഉപയോഗിക്കാന്‍ വേണ്ടി കൊണ്ടുവന്ന സാമഗ്രികള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയില്‍ നടത്തിയ പ്രദര്‍ശനമാണ് പൊലീസ് തടഞ്ഞത്. വിദ്യാര്‍ത്ഥികള്‍ പിന്നീട് ഹോസ്റ്റലിനകത്ത് വീണ്ടും ഉപകരണങ്ങള്‍ സംഘടപ്പിച്ച് പ്രദര്‍ശനം നടത്തി.

ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ ഏരിയയില്‍ ബി.ബി.സി ഡോക്യുമെന്ററി മോദി-ദി ഇന്ത്യ ക്വസ്റ്റിയന്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ പ്രൊജക്ടറും സ്പീക്കറുകളുമായി പ്രദശ്‌നം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ വലിയ പൊലീസ് സന്നാഹവും പ്രദേശത്തെ ഏഴോളം വരുന്ന ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. ഇതോടെ പൊലീസ് വിദ്യാര്‍ത്ഥികളോട് പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു.

ഹോസ്റ്റല്‍ പോലുള്ളൊരു സ്വകാര്യ സ്ഥലത്ത് പ്രദര്‍ശനം നടത്തുന്നതിന് എന്താണ് തടസ്സം എന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചു ചോദിച്ചു. ഈ സമയത്താണ് പൊലീസ് നിങ്ങളൊക്കെ എസ്.ഡി.പി.ഐക്കാരല്ലേ എന്ന് തിരിച്ച് ചോദിച്ചത്. മാത്രവുമല്ല സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നും അതൊഴിവാക്കാന്‍ നിങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറണമെന്നും പൊലീസ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടെന്നും വിദ്യാര്‍ത്ഥികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പൊലീസ് വളരെ മോശമായാണ് തങ്ങളോട് സംസാരിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളിലൊരാള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘നിങ്ങള്‍ എസ്.ഡി.പി.ഐക്കാരല്ലേ എന്ന പൊലീസ് ചോദ്യം വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധമുണ്ടാക്കി. മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളോട് പൊലീസ് കയര്‍ത്ത് സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നാണ് പൊലീസ് കാരണം പറഞ്ഞത്.

സംഘര്‍ഷം ഒഴിവാക്കാന്‍ ഞങ്ങള്‍ പ്രദര്‍ശനം നടത്തരുത് എന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ ഹോസ്റ്റല്‍ ഏരിയയിലേക്ക് പ്രവേശനമില്ലാത്ത പുറത്ത് നിന്നുള്ള വിരലിലെണ്ണാവുന്ന ബി.ജെ.പി പ്രവര്‍ത്തകരെയല്ലേ സംഘര്‍ഷമൊഴിവാക്കാന്‍ ഇവിടെ നിന്നും മാറ്റേണ്ടത് എന്ന് ഞങ്ങള്‍ ചോദിച്ചു.

പൊലീസ് പക്ഷെ ഒരിക്കല്‍ പോലും ബി.ജെ.പി പ്രവര്‍ത്തകരോട് ഒഴിഞ്ഞു പോകാന്‍ പറഞ്ഞില്ല. പകരം ഞങ്ങളുടെ പ്രദര്‍ശനം എങ്ങനെയും തടയണമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പിന്നീട് വിദ്യാര്‍ത്ഥികള്‍ വാടകക്കെടുത്ത് കൊണ്ടു വന്ന പ്രൊജക്ടറും സ്പീക്കറും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുകയും ചെയ്തു.

ഈ സമയമത്രയും പ്രദേശത്തെ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തിനായി കൊണ്ടു വന്ന സാമഗ്രികള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്ന സമയത്ത് കൂട്ടം കൂടി നിന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.’ വിദ്യാര്‍ത്ഥികളിലൊരാള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പൊലീസ് പ്രൊജക്ടറും സ്പീക്കറും കസ്റ്റഡിയിലെടുത്ത് പോയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പകരം സംവിധാനമൊരുക്കി ഹോസ്റ്റല്‍ കോംബൗണ്ടിനകത്ത് മറ്റൊരു സ്ഥലത്ത് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു.

content highlight :  Police stopped BBC documentary screening at Kozhikode Medical College; Students exhibiting at the hostel

We use cookies to give you the best possible experience. Learn more