ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്ത കായിക താരങ്ങളെ തടഞ്ഞ് പൊലീസ്. മുപ്പതിലേറെ കായിക താരങ്ങളെയാണ് പൊലീസ് വഴിയില്‍ തടഞ്ഞത്.
‘പഞ്ചാബില്‍ നിന്നുള്ള 30ഓളം കായിക താരങ്ങളും മറ്റു ചില കായിക താരങ്ങളുമാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാനായെത്തിയത്,’ ഗുസ്തി താരം കര്‍ത്താര്‍ സിംഗ് പറഞ്ഞു.
കര്‍ഷകരാണ് നമുക്ക് ഭക്ഷണം തരുന്നത്. അതിന് പകരം അവര്‍ക്ക് തിരിച്ച് നല്‍കേണ്ടത് ജലപീരങ്കിയും കണ്ണീര്‍വാതകവുമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെ വഴിയില്‍ വെച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്.
കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തന്റെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം തിരിച്ച് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് അറിയിച്ചിരുന്നു.
Delhi Police stop sportspersons who were marching towards Rashtrapati Bhavan to return their awards to the President in protest against the new farm laws. Wrestler Kartar Singh says, “30 sportspersons from Punjab and some others want to return their award”. pic.twitter.com/tnzMLKs35J
പദ്മശ്രീയും അര്‍ജുന പുരസ്‌കാരവും നേടിയിട്ടുള്ള ഗുസ്തി താരം കര്‍ത്താര്‍ സിങംഗ്, അര്‍ജുന പുരസ്‌കാര ജേതാവും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിംഗ് ചീമ, അര്‍ജുന ജേതാവും ഹോക്കി താരവുമായ രാജ്ബിര്‍ കൗര്‍ എന്നിവരടക്കം പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്, അവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി സമാധാനപരമായ പ്രക്ഷോഭം നടത്തുന്നുണ്ട്. ഒരു അക്രമസംഭവം പോലും നടന്നില്ല. എന്നാല്‍ അവര്‍ ദല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ക്കെതിരെ പൊലീസ് ജലപീരങ്കികളും ടിയര്‍ ഗ്യാസ് ഷെല്ലുകളും ഉപയോഗിച്ചു. ഞങ്ങളുടെ കാരണവന്‍മാരുടെയും സഹോദരങ്ങളുടെയും തലപ്പാവുകള്‍ അഴിച്ചെറിയപ്പെടുമ്പോള്‍ ഞങ്ങള്‍ പുരസ്‌കാരങ്ങള്‍ വച്ചുകൊണ്ടിരിക്കുന്നതില്‍ എന്തു കാര്യം? അതുകൊണ്ടാണ് ഈ പുരസ്‌കാരങ്ങള്‍ മടക്കിനല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്, ‘ താരങ്ങള്‍ പറഞ്ഞു.
സെപ്റ്റംബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ആയിരക്കണക്കിന് കര്‍ഷകരാണ് ദല്‍ഹിയിലും അതിര്‍ത്തികളിലുമായി പ്രതിഷേധിക്കുന്നത്. പൊലീസിന്റെ ജലപീരങ്കികളും ടിയര്‍ഗ്യാസ് പ്രയോഗവും ബാരിക്കേഡുകളും മറികടന്നാണ് കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക