| Saturday, 20th August 2016, 5:28 pm

മഞ്ചേരിയിലെ മതപഠനകേന്ദ്രത്തിലേക്ക് നടന്ന ഹിന്ദു ഐക്യവേദി മാര്‍ച്ച് പൊലീസ് തടഞ്ഞു; മാര്‍ച്ചിനെതിരെ പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവര്‍ത്തകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മഞ്ചേരിയിലെ മതപഠനകേന്ദ്രത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും അതിനാല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചും അത് തടയാനുള്ള പോപ്പുലര്‍ ഫ്രണ്ട് ശ്രമവും മഞ്ചേരിയെ സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു.

ചെരണിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഇസ് ലാമിക പഠനകേന്ദ്രമായ സത്യസരണയിലേക്കാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ സത്യസരണിയിലെത്തും മുമ്പ് കച്ചേരിപ്പടിവെച്ച് ഹിന്ദു ഐക്യവേദിക്ക് മാര്‍ച്ച് ധര്‍ണയാക്കി അവസാനിപ്പിക്കേണ്ടി വന്നു.

കച്ചേരിപ്പടിക്ക് സമീപം ഇന്ദിരാഗാന്ധി സ്മാരക ബസ്റ്റാന്റില്‍ നിന്ന് ഹിന്ദു ഐക്യവേദി മാര്‍ച്ച് പുറപ്പെടുമെന്നാണ് അറിയിച്ചത്. ഇതുപ്രകാരം രാവിലെ എഴുമുതല്‍ തന്നെ പ്രവര്‍ത്തകരെത്തി. മാര്‍ച്ച് തടയുമെന്ന് പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കച്ചേരിപ്പടി ജങ്ഷന് സമീപവും സംഘടിച്ചതോടെയാണ് സംഘര്‍ഷസാധ്യത ഉടലെടുത്തത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് നടത്താന്‍ ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരും മുസ്‌ലിം സ്ഥാപനങ്ങള്‍ കയ്യേറാനുള്ള ആര്‍.എസ്.എസ് നീക്കം തടയുമെന്നു പ്രഖ്യാപിച്ച് പോപുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവര്‍ത്തകരും അണിനിരക്കുകയായിരുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ 700ഓളം പോലീസുകാരെ വിന്യസിച്ചിരുന്നു. കച്ചേരിപ്പടി ജങ്ഷനു സമീപത്തുവെച്ച് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. പോലീസ് നിര്‍ദേശം മാനിച്ച് ഹിന്ദു ഐക്യവേദി മാര്‍ച്ച് ഒഴിവാക്കി ബസ്റ്റാന്റിനു മുമ്പില്‍ ധര്‍ണ നടത്തി ഉച്ചയ്ക്ക് ഒന്നരയോടെ പിരിഞ്ഞു.

മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് തിരുവനന്തപുരത്തെ ഊറ്റുകുഴി സലഫി സെന്ററിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചും പോലീസ് തടഞ്ഞു. മാര്‍ച്ച് പ്രതിരോധിക്കാനും സെന്ററിന് സംരക്ഷണം നല്‍കാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതോടെയായിരുന്നു ഇത്.

ആയുര്‍വേദ കോളജ് ജങ്ഷനില്‍നിന്ന് ആരംഭിച്ച ഹിന്ദുഐക്യവേദി പ്രതിഷേധമാര്‍ച്ച് പുളിമൂട് ജങ്ഷനില്‍വെച്ച് പോലീസ് തടയുകയായിരുന്നു.

We use cookies to give you the best possible experience. Learn more