ഈ സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി ആഞ്ചലിക്ക അറിബാം ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ്.
പോലീസ് അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനല്ല താന്‍ കത്തെഴുതുന്നതെന്ന് കത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പലപ്പോഴും മണിക്കൂറുകളോളം കസ്റ്റഡിയില്‍ കിടക്കേണ്ടി വന്നിട്ടുള്ളതില്‍ തനിക്ക് യാതൊരു മനസ്താപവുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
സ്ത്രീകള്‍ അറസ്റ്റിലാകപ്പെടുമ്പോള്‍ സാനിറ്ററി നാപ്കിന്‍ സ്റ്റേഷനുകളില്‍ സൂക്ഷിക്കാത്തതാണ് അവര്‍ക്ക് ആദ്യം പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ളത്. “ഞങ്ങളുടെ ശരീരം പ്രവചനാതീതമാണ്. ആര്‍ത്തവം എപ്പോള്‍ തുടങ്ങുമെന്ന് കൃത്യമായി ഞങ്ങള്‍ക്ക് അറിയില്ല” എന്നും അവര്‍ കത്തില്‍ പറയുന്നു.
സ്വന്തം അനുഭവം എടുത്തു പറഞ്ഞുകൊണ്ടാണ് അവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. പ്രതിഷേധനങ്ങളുടെ പേരില്‍ അറസ്റ്റിലായതിനുശേഷം തനിക്ക് ആര്‍ത്തവം വന്നു. താന്‍ നാപ്കിന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു വനിത ആയിട്ടുകൂടി ഓഫീസര്‍ എത്രമോശമായാണ് പെരുമാറിയതെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്.
തനിക്കുണ്ടായ ഏറ്റവും ഭയാനകമായ അനുഭവമായിരുന്നു ആ ലോക്കപ്പ് മണിക്കൂറുകളിലേതെന്നും അവര്‍ വ്യക്തമാക്കുന്നു. വൃത്തിരഹിതമായ ആ ചുറ്റുപാടില്‍ ആര്‍ത്തവ രക്തം നിയന്ത്രിക്കാന്‍ ഒന്നുമില്ലാതെ മണിക്കൂറുകള്‍ അവിടെ ഇരിക്കുകയെന്നത് ഒരു പീഡനമായാണ് അനുഭവപ്പെട്ടതെന്നും അവര്‍ പറയുന്നു.
പോലീസ് സ്‌റ്റേഷനുകളിലെ ലേഡീസ് ടോയ്‌ലറ്റുകള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നതാണ് കത്തിലെ രണ്ടാമത്തെ ആവശ്യം. “പാര്‍ലമെന്റിനു സമീപത്തുവെച്ചോ അല്ലെങ്കില്‍ മന്ദിര്‍മാര്‍ഗില്‍വെച്ചോ എവിടെയായാലും അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ അവിടുത്തെ മൂത്രപ്പുരകള്‍ അറപ്പുളവാക്കുന്നതാണ്. പലപ്പോഴും വെള്ളംപോലും ഉണ്ടാവാറില്ല.” അവര്‍ പറയുന്നു.
മൂന്നാമതായി അവര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത് സ്ത്രീകളുടെ ആര്‍ത്തവത്തോടുള്ള പൊതുകാഴ്ചപ്പാടാണ്. എന്തിനാണ് അതിനെ ഇത്ര വെറുക്കുന്നത്, അതിനെക്കുറിച്ച് പതിയെ മാത്രം സംസാരിക്കുന്നത്. എല്ലാ സ്ത്രീകളും കടന്നുപോകുന്ന വളരെ സാധാരണമായ ജൈവിക അവസ്ഥമാത്രമാണത്. ആര്‍ത്തവം ഒരു രോഗമല്ലെന്നും പ്രകൃത്യായുള്ള ഒരുകാര്യമാണെന്നും ഇന്ത്യന്‍ ജനത മനസിലാക്കേണ്ട കാലമിതാണ്.
“എനിക്ക് ആര്‍ത്തവം വരുന്നത് എന്റെ തെറ്റല്ല. എന്റെ തെരഞ്ഞെടുപ്പുമല്ല. എന്റെ പാപങ്ങള്‍ കൊണ്ടല്ല അതുണ്ടാവുന്നത്.” അഞ്ചലിക്ക പറയുന്നു.