| Tuesday, 25th December 2018, 3:43 pm

ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്; പലരും എത്തുന്നത് പ്രശസ്തിക്ക് വേണ്ടി; ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ള യുവതികളെ മല കയറാന്‍ അനുവദിക്കില്ലെന്നും ഇത്തരക്കാരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.

വന്‍ഭക്തജന തിരക്കായതിനാല്‍ ഇത്തരക്കാരെ പ്രവേശിപ്പിക്കേണ്ടെന്ന് വിലയിരുത്തല്‍. ശബരിമലയില്‍ പല യുവതികളും എത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്നും ഇത്തരക്കാരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വരുംദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ശബരിമല കയറാനെത്തിയ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വാദം.


ശോഭാസുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍


ശബരിമലയില്‍നിന്ന് തിരിച്ചിറക്കിയ കനകദുര്‍ഗയും ബിന്ദുവും തിരികെ പോകാന്‍ തയാറാണെന്നും പൊലീസ് അറിയിച്ചിരുന്നു. തിരക്കിനിടയില്‍ സുരക്ഷ ഒരുക്കാനാകില്ലെന്നും തിരക്ക് ഒഴിയുമ്പോള്‍ മറ്റൊരു ദിവസം സുരക്ഷ ഒരുക്കാമെന്നുമാണ് പൊലീസ് പറഞ്ഞത്.

ശബരിമല കയറാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരെയും തിങ്കളാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകണമെന്ന നിലപാടില്‍ യുവതികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മനിതി പ്രവര്‍ത്തകര്‍ എത്തിയ സ്വകാര്യവാഹനം നിലയ്ക്കല്‍ കടന്നതു പരിശോധിക്കുമെന്ന് ശബരിമല നിരീക്ഷകസമിതി അറിയിച്ചു. ഇക്കാര്യം ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. നിലവില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കു കര്‍ശന നിയന്ത്രണമുണ്ട്.

We use cookies to give you the best possible experience. Learn more