കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ എല്ലാ കാലത്തും പിണറായി വിജയന്‍ തന്നെയുണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും. നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് എടുക്കുന്ന നടപടികളെ വിമര്‍ശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും.
കെ.സി.വേണുഗോപാല്‍ ദല്‍ഹിയിലും വി.ഡി.സതീശന്‍ കോഴിക്കോടുമാണ് പ്രതികരണങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ഉപയോഗിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇരുവരും മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രൂക്ഷമായി പ്രതികരിച്ചത്. കേരളത്തിലെ ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ക്രിമിനലുകളെയും കൊണ്ട് നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞതുപോലെയുള്ള ‘ രക്ഷാപ്രവര്‍ത്തനം’ നടത്താന്‍ തങ്ങളെയും പ്രേരിപ്പിക്കരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
പിണറായി വിജയന്‍ എല്ലാ കാലത്തും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമെന്ന് കേരളത്തിലെ പൊലീസ് ധരിക്കേണ്ടതില്ലെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ദല്‍ഹിയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിക്കുന്നതിനെ സംബന്ധിച്ചും പ്രതിഷേധിക്കാരെ മര്‍ദിക്കുന്നതിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കുന്നതിനെ കുറിച്ചും ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലും പൊലീസില്ല എന്നും എല്ലാ പൊലീസുകാരും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് സുരക്ഷയൊരുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലിയതിനെ കുറിച്ചും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.
കെ.സി.വേണുഗോപാലിന്റെ വാക്കുകള്‍
‘ശബരിമലയില്‍ നിയന്ത്രിക്കാന്‍ പൊലീസില്ല. പൊലീസ് മുഴുവന്‍ മുഖ്യമന്ത്രിയുടെ യാത്രക്ക് സുരക്ഷയൊരുക്കാന്‍ പോയിരിക്കുകയാണ്. ആരെങ്കിലും പ്രതിഷേധിച്ചാല്‍ ആ പ്രതിഷേധിക്കുന്ന കുട്ടികളെ തല്ലുന്നതിനും പൊലീസ് കാവല്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ലാത്തി ഉപയോഗിക്കുന്നത് ഞങ്ങളെല്ലാം നേരിട്ട് കണ്ടതാണ്. കേരളത്തിലെ പൊലീസ് ഒരു കാര്യം മനസ്സിലാക്കണം, എല്ലാകാലത്തും പിണറായി വിജയന്‍ ആ കസേരയില്‍ ഇരിക്കുമെന്ന് വിചാരിക്കേണ്ട.
ഞങ്ങളുടെ കുട്ടികളെ ഇതുപോലെ തല്ലി തലപൊളിക്കുന്നതിന് പൊലീസുകാര്‍ കൂട്ടുനില്‍ക്കുന്നുണ്ട്. പൊലീസുകാര്‍ തന്നെ ചെയ്യുന്നുണ്ട്. ഗണ്‍മാനും പൊലീസാണല്ലോ. ഇതൊന്നും ഓര്‍ക്കാതെ പോകുമെന്ന് ആരും ധരിക്കേണ്ട. അങ്ങനെ ആര്‍ക്കും എഴുതിക്കൊടുത്ത നാടല്ല കേരളം. അത് ആലോചിക്കുന്നത് നന്നായിരിക്കും.
ഇത് ഞങ്ങളെ കൊണ്ട് പറയിപ്പിക്കുന്നതാണ്. ഞങ്ങള്‍ അക്രമ ആഹ്വാനം നടത്തുന്നവരല്ല. അത് മുഖ്യമന്ത്രിയാണ് നടത്തിയത്. അദ്ദേഹത്തിന്റെ പെരുമ്പാവൂര്‍ പ്രസംഗത്തിന് ശേഷമാണ് ഇത് കൂടിയത്. ഇദ്ദേഹത്തിന് പോകാന്‍ വേണ്ടിയിട്ട്, വഴി നടക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും തല്ലിയൊതുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരും’ കെ.സി.വേണുഗോപാല്‍ പറഞ്ഞു.
CONTENT HIGHLIGHTS: Police should not think that Pinarayi Vijayan will sit in that chair all the time; Challenged by VD Satheesan and KC Venugopal