| Monday, 12th July 2021, 10:51 pm

സോഷ്യല്‍ മീഡിയകളില്‍ പൊലീസുകാര്‍ രാഷ്ട്രീയം പറയരുത്; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസുകാര്‍ സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയം പറയരുതെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക നമ്പറോ ഇ-മെയിലോ ഉപയോഗിക്കരുതെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

സ്ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തരമായി നടപടി സ്വീകരിക്കണം സ്ത്രീകള്‍ക്കെതിരായ പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നേരിട്ട് കേട്ട് അന്വേഷിക്കണമെന്നും ഡി.ജി.പി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

പരാതി നല്‍കുന്നവര്‍ക്കെല്ലാം രശീതി നല്‍കണം. പൊലീസ് ഷാഡോ സംഘങ്ങള്‍ പിടികൂടുന്നവരെ ചോദ്യം ചെയ്യുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ, അന്വേഷണ ഉദ്യോഗസ്ഥന്റെയോ സാന്നിധ്യമുണ്ടാകണമെന്നും ഡി.ജി.പി. വ്യക്തമാക്കി.

പൊലീസുകാര്‍ മനുഷ്യാവകാശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. കസ്റ്റഡിയിലെടുക്കുന്നവര്‍ മദ്യമോ ലഹരിവസ്തുക്കളോ ഉയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യപരിശോധന നടത്തണം. നാട്ടുകാര്‍ പിടികൂടി കൈമാറുന്നവരുടെ ശരീര പരിശോധന നടത്തി പരിക്കുകളുണ്ടെങ്കില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഓരോ സ്റ്റേഷനുകളിലും എത്ര പേര്‍ കസ്റ്റഡിയിലുണ്ടെന്ന് ഡി.വൈ.എസ്.പിമാര്‍ അറിഞ്ഞിരിക്കണം. അന്യായ കസ്റ്റഡി പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെത്തുന്ന പരാതികള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രത്യേക കാരണമില്ലാതെ ചില ഉദ്യോഗസ്ഥര്‍ പരാതികള്‍ തീര്‍പ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍, ഇത്തരം പരാതികള്‍ അടുത്ത ഏഴ് ദിവസത്തിനകം തീര്‍പ്പാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Police should not talk politics on social media; DGP issues new circular

We use cookies to give you the best possible experience. Learn more