| Thursday, 4th April 2019, 10:00 pm

പുസ്തകങ്ങളെയെങ്കിലും പൊലീസ് രാജില്‍ നിന്ന് ഒഴിവാക്കണം ; ആര്‍.കെ ബിജുരാജ് എഴുതുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

2015 ല്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച, രണ്ട് പതിപ്പുകള്‍ ഇറങ്ങിയ പുസ്തകമാണ് “നക്‌സല്‍ദിനങ്ങള്‍”. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ നാലര പതിറ്റാണ്ടിന്റെ ഗതിവിഗതികള്‍ പറയുന്ന ഒരു “ചരിത്ര വണ്‍ലൈനാണ്” പുസ്തകം. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നടത്തിയ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഫലമായാണ് ഒടുവില്‍ പുസ്തകരൂപം കൊണ്ടത്. അത് നിരോധിത പുസ്തകമല്ല. നിരോധിത സംഘടനയുടെ ഭാഗവുമല്ല.

കേരള ചരിത്രത്തെപ്പറ്റി അറിയണമെങ്കില്‍ അതിലെ പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും കൂടി ചരിത്രം മനസിലാക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം കേരളത്തില്‍ എങ്ങനെയൊക്കെ ഇടപെട്ടു, ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നറിയാതെ കേരളത്തെക്കുറിച്ചുള്ള ഒരു പഠനവും പൂര്‍ണമാകില്ല. അത്തരം പഠനങ്ങളില്‍ ഒന്നു മാത്രമായിരുന്നു “നക്‌സല്‍ ദിനങ്ങള്‍”.

നമുക്ക് നക്‌സലൈറ്റ് പ്രസ്ഥാനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. എങ്കിലും കേരളത്തിന്റെ ചരിത്രത്തില്‍ പല രീതിയില്‍ നക്‌സലൈറ്റ് പ്രസ്ഥാനവും ഇടപെട്ടു എന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെയാണ്, പല വിയോജിപ്പുകളുണ്ടെങ്കിലും ആ പ്രസ്ഥാനത്തെക്കുറിച്ചു പഠിക്കാന്‍ ശ്രമിച്ചത്. അത് പൂര്‍ണമാണെന്നോ തീര്‍ത്തും ആധികാരികമാണെന്നും അവകാശമില്ല. അതിനെ സമഗ്രമായി തന്നെ പുതുക്കി എഴുതാനുള്ള ശ്രമത്തിലാണിപ്പോള്‍.

Also Read  രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; “നക്‌സല്‍ ദിനങ്ങള്‍” പുസ്തകം കൈയ്യില്‍ വെച്ച എസ്.എഫ്.ഐ പ്രവര്‍ത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തു

എഴുതിയ പുസ്തകം പുതിയ ചെറുപ്പക്കാര്‍ ( എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമബിരുദ വിദ്യാര്‍ഥികളുമടക്കം) വായിക്കുന്നുവെന്നറിയുമ്പോള്‍ സന്തോഷം. കേരളത്തിന്റെയും നക്‌സല്‍പ്രസ്ഥാനത്തിന്റെയും ചരിത്രം അറിയാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്നാണതിന്റെ അര്‍ത്ഥം. വിമര്‍ശനാത്മക സ്വഭാവത്തോടെയും അല്ലാതെയുമാവാം വായന. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലെ അന്വേഷണവും പഠനവും എഴുത്തും വെറുതെയാവുന്നില്ല എന്നറിയുന്നതില്‍ അനല്‍പമായ അഭിമാനമുണ്ട്.

പുസ്തകത്തിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തുവെന്നത് നല്ല സൂചനയല്ല. മാവോസേതുംഗ് എഴുതിയ ഒരു പുസ്തകം ഒരാള്‍ കൈവശം വച്ചാല്‍ ഒരാള്‍ മാവോയിസ്റ്റാവില്ല. ഇനി ഗാന്ധിജിയുടെ പുസ്തകം കൈവശം വച്ചാല്‍ ഒരാള്‍ ഗാന്ധിയനുമാവില്ല. മാവോയിസ്റ്റ് സാഹിത്യം പോലും കൈവശം വച്ചാല്‍ അത് കുറ്റമായ കാര്യമായി കാണാനാവില്‌ളെന്ന് സുപ്രീംകോടതി തന്നെ നിസംശയം വ്യക്തമാക്കിയിട്ടുണ്ട്.
അത്ര ശുഭകരമായ കാര്യങ്ങളില്ല നടന്നുവരുന്നത്. കേവലം പോസ്റ്ററുകള്‍ ഒട്ടിച്ചുവെന്നതിന്റെ പേരില്‍ പോലും ആളുകള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തുന്ന വിധത്തില്‍ രാജ്യത്തെ ജനാധിപത്യം ചുരുങ്ങുന്നുണ്ട്. അത് അപകടകരമാണ്. കുറഞ്ഞ പക്ഷം പൊലീസ് രാജില്‍ നിന്ന് പുസ്തകങ്ങളെയെങ്കിലും ഒഴിവാക്കേണ്ടതുണ്ട്.

……………………………

ആര്‍.കെ ബിജുരാജിന്റെ “നക്‌സല്‍ ദിനങ്ങള്‍” പുസ്തകം കൈവശം വെച്ചതിന് വയനാട് കല്‍പ്പറ്റ എന്‍.എം.എസ്.എം കോളെജിലെ ഒന്നാം വര്‍ഷ മാധ്യമ വിദ്യാര്‍ത്ഥിനി ഷബാന ജാസ്മിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സുഹൃത്തിനെ കാണുന്നതിനായി കല്‍പ്പറ്റയില്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ ഷബാനയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെരിഫിക്കേഷന് വേണ്ടി കൊണ്ടുപോകുയാണെന്നായിരുന്നു ഷബാനയോട് പൊലീസ് പറഞ്ഞത്.

We use cookies to give you the best possible experience. Learn more