അസം കൂട്ടക്കൊല: പ്രതിഷേധകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ്
Daily News
അസം കൂട്ടക്കൊല: പ്രതിഷേധകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th May 2014, 8:47 am

[share]

[] ഗുവാഹട്ടി: അസം ബോഡോ എന്‍.ഡി.എഫ്.ബി(എസ്) നടത്തുന്ന കലാപത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിവെപ്പ്. നഗാവോണ്‍ ജില്ലയില്‍  മുസ്ലിം സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസ്  വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

മുസ്ലിം സ്റ്റുഡന്റ്‌സ് യൂണിയന്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് നടക്കുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ദ് അനുകൂലികള്‍ പൊലീസിനുനേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നായിരുന്നു പൊലീസ് വിശദീകരണം.

സോനാരിബിലില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ബന്ദ് അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആക്രമിച്ച് കേടുപാടുകള്‍ വരുത്തി. പലയിടത്തും സംഘര്‍ഷം അയഞ്ഞിട്ടില്ല.  സംഘര്‍ഷ പ്രദേശങ്ങളില്‍ സൈന്യത്തിന്റെ ഫ്‌ളാഗ് മാര്‍ച്ച് ഇന്നലെയും നടന്നു. മൂന്ന് ജില്ലകളിലെ കര്‍ഫ്യൂവില്‍ അയവു വരുത്തിയിട്ടുണ്ട്.

അതിനിടെ മേഖലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാനെത്തിയ എന്‍.ഡി.എഫ്.ബി(എസ്) തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇതുവഴി സംഘര്‍ഷ വ്യാപനം തടയാനായി എന്നും പൊലീസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകളില്‍നിന്ന് പലായനം ചെയ്തവര്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക താമസസ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അതിനിടെ  ബോഡോ ജില്ലകളിലെ കലാപബാധിതര്‍ക്ക് സര്‍ക്കാര്‍ ആയുധം നല്‍കുമെന്ന വാര്‍ത്ത മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് നിഷേധിച്ചു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ കൊക്രജര്‍, ബക്‌സ ജില്ലകളില്‍ കഴിഞ്ഞ വ്യാഴാഴ്ച  നടന്ന കലാപത്തില്‍ 34 പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു.

തീവ്രവാദി സംഘങ്ങള്‍ നടത്തിയത് വംശഹത്യയാണെന്നും ഇതിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിപാരം നല്‍കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.