ചിറ്റൂര്‍: പാലക്കാട് ചിറ്റൂരില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ സ്പിരിറ്റ് കടത്ത്. പെരുമാട്ടി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗം അത്തിമണി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചിറ്റൂരില്‍ സ്പിരിറ്റ് എത്തിച്ചത്. എക്‌സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ അനിലിനുവേണ്ടി അന്വേഷണം ശക്തമാക്കി.
ഒട്ടേറെ പൊലീസ് കേസുകളില്‍ പ്രതിയാണ് അനില്‍. വ്യാജകള്ള് തയ്യാറാക്കുന്നതിലും അനിലിനു പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എക്‌സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് അനിലിന്റെ പങ്ക് വ്യക്തമായത്. സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് അനിലായിരുന്നു. എക്‌സൈസിന്റെ പിടിയില്‍നിന്നു കുതറിയോടിയ അനില്‍ അയാളുടെ തന്നെ ചുവപ്പ് നിറമുള്ള മറ്റൊരു കാറില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു.
ജെ.ഡി.എസ് പ്രവര്‍ത്തകരെ വെട്ടിയതുള്‍പ്പെടെയുള്ള കേസുകളിലാണ് അനില്‍ നേരത്തേ പ്രതിയായിട്ടുള്ളത്.