| Tuesday, 21st June 2022, 8:53 am

മമ്പാട് മുജീബ് റഹ്മാന്റെ ദുരൂഹ മരണം; മര്‍ദിച്ചത് കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം, നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ തുണിതിരുകി ദൃശ്യങ്ങള്‍ ഭാര്യക്കയച്ചുകൊടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: മമ്പാട് ടൗണിലെ ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് അത്മഹത്യ ചെയ്തത് വിവിധ സ്ഥലങ്ങളില്‍ നിന്നേറ്റ ക്രൂര മര്‍ദനത്തെ തുടര്‍ന്നെന്ന് പൊലീസ്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്പാട് ടൗണിലെ സുലു ടെക്‌സ്‌റ്റൈല്‍സിന്റെ ഒന്നാം നിലയിലെ ഗോഡൗണില്‍ മുജീബിന്റെ മൃതദേഹം കണ്ടെത്തിയത്. കരാറടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചയാളാണ് മരിച്ച മുജീബ് റഹ്മാന്‍.

കേസിലെ പ്രധാന പ്രതികളിലൊരാളും മമ്പാട് സുലു ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായ ഷഹദിന്റെ മഞ്ചേരിയില്‍ നിന്നുള്ള ഹാര്‍ഡ്‌വേഴ്‌സില്‍ നിന്ന് 64,000 രൂപയുടെ സാധനങ്ങള്‍ മുജീബ് വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് മുജീബിന് പണം തിരിച്ചുകൊടുക്കാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് ഷഹദ് മുജീബിനെ അന്വേഷിച്ചെങ്കിലും അദ്ദേഹം താമസം മാറിയിരുന്നു. പിന്നാലെ ഷഹദ് കൂട്ടുകാരുമായി ചേര്‍ന്ന് മുജീബിനെ തട്ടിക്കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മുജീബിന്റെ സഹായികളായി മുമ്പ് ജോലി ചെയ്തിരുന്ന മഞ്ചേരിയിലെ ഓട്ടോ ഡ്രൈവര്‍മാരായ അബ്ദുല്‍ അലിയുടെയും ജാഫറിന്റെയും സഹായം തേടുകയും ചെയ്തു. ഇവര്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് അലിയും ജാഫറും പണം ആവശ്യപ്പെട്ട് മുജീബിനെ സമീപിച്ചെങ്കിലും സംഭവം ഉന്തും തള്ളിലും കലാശിക്കുകയായിരുന്നു. പിന്നാലെ അലിയും ജാഫറും മഞ്ചേരിയിലെത്തി ഷഹദിനെയും മഞ്ചേരിയില്‍ വാടക സ്‌റ്റോര്‍ നടത്തുന്ന കുഞ്ഞഹമ്മദിനെയും മകന്‍ മുഹമ്മദ് അനസിനെയും വിളിച്ചുവരുത്തി. ഇവരുടെ കടയില്‍ നിന്ന് സാധനം എടുത്ത് തിരിച്ചുകൊടുക്കാത്തതിനാല്‍ ഇരുവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇതിനിടയില്‍ ഷഹദിന്റെ സുഹൃത്ത് ഷാഹുലും സ്ഥലത്തെത്തി. എല്ലാവരും ചേര്‍ന്ന് മുജീബിനെ ബലമായി പിടിച്ച് കാറിലും ജാഫറിന്റെ ഓട്ടോയിലുമായി തട്ടിക്കൊണ്ടുവരികയായിരുന്നു.

രാത്രി കാരക്കുന്ന് ഹാജിയാര്‍പീഡികയിലെ വിജനമായ ഗ്രൗണ്ടിലെത്തിച്ച് മുജീബിനെ ക്രൂരമായി മര്‍ദിച്ചു. നിലവിളിക്കാന്‍ ശ്രമിച്ച മുജീബിന്റെ വായില്‍ തുണിതിരുകി ഫോട്ടോയെടുത്ത് ഭാര്യക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

പിന്നീട് പുലര്‍ച്ചെ നാലരയോടെ സുലു തുണിക്കടയോട് ചേര്‍ന്നുള്ള ഗോഡൗണിലേക്കെത്തിച്ച് കസേരിയില്‍ ഇരുത്തിവീണ്ടും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് നേരം വെളുത്തപ്പോള്‍ മുജീബിനെ മുറിയിലിരുത്തി പ്രതികള്‍ പുറത്തേക്കുപോയി. ശേഷം രാവിലെ 10 മണിയോടെ ഇവര്‍ മുറിയിലെത്തിയപ്പോഴാണ് ഇവിടെ
തൂങ്ങിക്കിടക്കുന്ന മുജീബിനെ കണ്ടത്. രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ മുജീബ് അത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

സംഭവത്തില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റിലായിരുന്നു. ഉടമയും മഞ്ചേരി കാരക്കുന്ന് സ്വദേശിയുമായ മൂലത്ത് അബ്ദുല്‍ ഷഹദ്(23), നടുവന്‍തൊടിക ഫാസില്‍(23), കൊല്ലേരി മുഹമ്മദ് മിഷാല്‍ (22), ചിറക്കല്‍ മുഹമ്മദ് റാഫി(23), പയ്യന്‍ ഷബീബ് (28), മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീര്‍ അലി (23), തൃക്കലങ്ങോട് മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ് റാഫി (27), മഞ്ചേരി മംഗലശ്ശേരി സ്വദേശി നമ്പന്‍കുന്നന്‍ മര്‍വാന്‍ (23), കാരാപറമ്പ് സ്വദേശി വള്ളിപ്പാടന്‍ അബ്ദുല്‍ അലി(36), മഞ്ചേരി നറുകര സ്വദേശി പുത്തലത്ത് ജാഫര്‍(26), മഞ്ചേരിയിലെ വാടകസ്റ്റോര്‍ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ് (56), ഇയാളുടെ മകന്‍ മുഹമ്മദ് അനസ്(25) എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.

CONTENT HIGHLIGHTS: police says Pulikottil Mujeeb, a native of Kottakal, committed suicide after being brutally beaten in various places in mampad, manjeri  

We use cookies to give you the best possible experience. Learn more