നിലമ്പൂര്‍: മമ്പാട് ടൗണിലെ ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് അത്മഹത്യ ചെയ്തത് വിവിധ സ്ഥലങ്ങളില്‍ നിന്നേറ്റ ക്രൂര മര്‍ദനത്തെ തുടര്‍ന്നെന്ന് പൊലീസ്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്പാട് ടൗണിലെ സുലു ടെക്‌സ്‌റ്റൈല്‍സിന്റെ ഒന്നാം നിലയിലെ ഗോഡൗണില്‍ മുജീബിന്റെ മൃതദേഹം കണ്ടെത്തിയത്. കരാറടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചയാളാണ് മരിച്ച മുജീബ് റഹ്മാന്‍.
കേസിലെ പ്രധാന പ്രതികളിലൊരാളും മമ്പാട് സുലു ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായ ഷഹദിന്റെ മഞ്ചേരിയില്‍ നിന്നുള്ള ഹാര്‍ഡ്‌വേഴ്‌സില്‍ നിന്ന് 64,000 രൂപയുടെ സാധനങ്ങള്‍ മുജീബ് വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് മുജീബിന് പണം തിരിച്ചുകൊടുക്കാന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് ഷഹദ് മുജീബിനെ അന്വേഷിച്ചെങ്കിലും അദ്ദേഹം താമസം മാറിയിരുന്നു. പിന്നാലെ ഷഹദ് കൂട്ടുകാരുമായി ചേര്‍ന്ന് മുജീബിനെ തട്ടിക്കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മുജീബിന്റെ സഹായികളായി മുമ്പ് ജോലി ചെയ്തിരുന്ന മഞ്ചേരിയിലെ ഓട്ടോ ഡ്രൈവര്‍മാരായ അബ്ദുല്‍ അലിയുടെയും ജാഫറിന്റെയും സഹായം തേടുകയും ചെയ്തു. ഇവര്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് അലിയും ജാഫറും പണം ആവശ്യപ്പെട്ട് മുജീബിനെ സമീപിച്ചെങ്കിലും സംഭവം ഉന്തും തള്ളിലും കലാശിക്കുകയായിരുന്നു. പിന്നാലെ അലിയും ജാഫറും മഞ്ചേരിയിലെത്തി ഷഹദിനെയും മഞ്ചേരിയില്‍ വാടക സ്‌റ്റോര്‍ നടത്തുന്ന കുഞ്ഞഹമ്മദിനെയും മകന്‍ മുഹമ്മദ് അനസിനെയും വിളിച്ചുവരുത്തി. ഇവരുടെ കടയില്‍ നിന്ന് സാധനം എടുത്ത് തിരിച്ചുകൊടുക്കാത്തതിനാല്‍ ഇരുവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇതിനിടയില്‍ ഷഹദിന്റെ സുഹൃത്ത് ഷാഹുലും സ്ഥലത്തെത്തി. എല്ലാവരും ചേര്‍ന്ന് മുജീബിനെ ബലമായി പിടിച്ച് കാറിലും ജാഫറിന്റെ ഓട്ടോയിലുമായി തട്ടിക്കൊണ്ടുവരികയായിരുന്നു.
രാത്രി കാരക്കുന്ന് ഹാജിയാര്‍പീഡികയിലെ വിജനമായ ഗ്രൗണ്ടിലെത്തിച്ച് മുജീബിനെ ക്രൂരമായി മര്‍ദിച്ചു. നിലവിളിക്കാന്‍ ശ്രമിച്ച മുജീബിന്റെ വായില്‍ തുണിതിരുകി ഫോട്ടോയെടുത്ത് ഭാര്യക്ക് അയച്ചുകൊടുക്കുകയും ചെയ്തു.