| Wednesday, 9th September 2020, 9:04 am

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം, ദൃക്‌സാക്ഷികളായ സഹോദരിമാരുടെ മൊഴി നിര്‍ണായകമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവത്തകനായ മൂഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ട സലാഹുദ്ദീന്‍ സംഭവം നടന്ന സ്ഥലത്തെത്തിയത് 3.40ഓടെയാണ്. ഈ ഇടവേളയില്‍ കൊലയാളികള്‍ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.

കൂടാതെ കൂത്തുപറമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടര്‍ന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിര്‍ണായകമാണെന്നും പൊലീസ് പറയുന്നു.

എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലക്ക് സലാഹുദ്ദീന് നേരെ ഭീഷണിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു. സലാഹുദ്ദീന്റെ കാറില്‍ ബൈക്ക് ഇടിച്ചാണ് കുറ്റവാളികള്‍ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികള്‍ വന്നുവെങ്കിലും പ്രശ്‌നം ഞങ്ങള്‍തന്നെ പറഞ്ഞുതീര്‍ത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികള്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിന് വെച്ച ശേഷം സലാഹുദ്ദീന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. നിലവില്‍ തലശ്ശേരി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: police say murder of sdpi activist planned

We use cookies to give you the best possible experience. Learn more