'യേശുവിന്റെ രണ്ടാം വരവു'ണ്ടെന്ന് പറഞ്ഞ് കുട്ടികളടക്കം എഴുപതിലധികം പേരെ പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി നൈജീരിയന്‍ പൊലീസ്
World News
'യേശുവിന്റെ രണ്ടാം വരവു'ണ്ടെന്ന് പറഞ്ഞ് കുട്ടികളടക്കം എഴുപതിലധികം പേരെ പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി നൈജീരിയന്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd July 2022, 3:43 pm

അബൂജ: തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി പള്ളിയില്‍ തടവില്‍ പാര്‍പ്പിച്ച എഴുപതിലധികം പേരെ പൊലീസ് രക്ഷിച്ചു. 23 കുട്ടികളടക്കം 77 പേരെയായിരുന്നു പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി ചര്‍ച്ചിന്റെ അണ്ടര്‍ഗ്രൗണ്ട് ഫ്‌ളോറില്‍ തടവില്‍ പാര്‍പ്പിച്ചത്.

നൈജീരിയയിലെ ഓന്‍ഡോ സ്‌റ്റേറ്റിലെ വാലന്റീനോ നഗരത്തിലായിരുന്നു സംഭവം.

വെള്ളിയാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഓന്‍ഡോ പൊലീസിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫുന്‍മിലായൊ ഒഡുന്‍ലമി പറഞ്ഞതായി ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പെന്തകോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍ ഡേവിഡ് അനിഫൊവൊഷെയും (David Anifowoshe) അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുമാണ് അറസ്റ്റിലായിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ യേശുവിന്റെ രണ്ടാം വരവ് (Second Coming) സംഭവിക്കുമെന്നും ആ സമയത്ത് ക്രിസ്തീയ വിശ്വാസികളെ യേശു സ്വര്‍ഗത്തിലെത്തിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരെ പുരോഹിതന്‍ തടവില്‍ പാര്‍പ്പിച്ചിരുന്നതെന്ന് നൈജീരിയന്‍ പൊലീസ് വക്താവ് പറഞ്ഞതായി ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രിലില്‍ ഇത് സംഭവിക്കുമെന്നാണ് ആദ്യം അസിസ്റ്റന്റ് പാസ്റ്റര്‍ പറഞ്ഞിരുന്നതെന്നും പിന്നീട് ഇത് സെപ്റ്റംബറിലേക്ക് നീട്ടിവെച്ചുവെച്ച് പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്ഷപ്പെടുത്തിയ കുട്ടികളെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പട്രോള്‍ കാറില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

തട്ടിക്കൊണ്ടുപോയവരില്‍ പലരും മാസങ്ങളോളമായി തടവില്‍ കഴിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയ കുട്ടികളിലൊരാളുടെ മാതാവ് പൊലീസ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.

സ്വര്‍ഗാരോഹണത്തിന് ശേഷം യേശുക്രിസ്തു തിരിച്ചുവരുമെന്ന ക്രിസ്തീയ വിശ്വാസമാണ് യേശുവിന്റെ രണ്ടാം വരവ് (Second Coming). ഈ സമയത്ത് ക്രിസ്തീയ വിശ്വാസികളെ യേശു സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും എന്ന ഐഡിയയാണ് റാപ്ചര്‍ (Rapture). ഇത് പറഞ്ഞാണ് പുരോഹിതന്‍ ആളുകളെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചത്.

Content Highlight: Police save dozens of Nigerians who were kidnapped by priest in the name of ‘Second Coming’