കണ്ണൂര്‍: ഇന്ന് പുലര്‍ച്ചെ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ നിര്‍ത്തിയിട്ട ഒരു കോച്ച് കത്തിയമര്‍ന്നതിന് പിന്നില്‍ അട്ടിമറി നീക്കം സംശയിച്ച് അന്വേഷണ സംഘം. അക്രമി ലക്ഷ്യമിട്ടത് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന സംഭരണ കേന്ദ്രമാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കത്തിയമര്‍ന്ന കോച്ചിന് തൊട്ടടുത്തായി ഒരു ബി.പി.സി.എല്‍ ഇന്ധന സംഭരണ കേന്ദ്രം ഉണ്ടായിരുന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്.
അതേസമയം, കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസം പ്രദേശത്ത് കണ്ടതായി ബി.പി.സി.എല്‍ ജീവനക്കാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുമായി സാമ്യമുള്ള ഇയാളുടെ വിരലടയാളം പരിശോധിക്കുന്നുണ്ട്.
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ പുറകില്‍ നിന്നുള്ള മൂന്നാമത്തെ കോച്ചിനാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.25ഓടെ തീപിടിച്ചത്. നേരത്തെ എലത്തൂരില്‍ ഷാരൂഖ് സെയ്ഫി തീയിട്ട അതേ ട്രെയിനിനാണ് ഇന്ന് തീപിടിച്ചിട്ടുള്ളതെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ റെയില്‍വേയും കേരള പൊലീസും അട്ടിമറി സാധ്യത തള്ളിയിട്ടില്ല.
കോച്ചില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഒരു സാധ്യതയുമില്ലെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നു. എന്‍.ഐ.എയും കേരള പൊലീസിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. തീ പടരുന്നതിന് മുമ്പായി ഒരാള്‍ ട്രെയിനിന് സമീപത്തേക്ക് വരുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
കത്തിയ കോച്ച് ഫോറന്‍സിക് സംഘം പരിശോധിക്കുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കത്തിയ കോച്ചിന്റെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്ത നിലയിലാണ്. ക്ലോസറ്റില്‍ കല്ലും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ എലത്തൂര്‍ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ചിരുന്നു. സ്വാഭാവികമായും ഈ കേസും ഇവര്‍ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.