ലണ്ടന്‍: മുസ്‌ലിമുകള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെയുള്ള വംശീയ ആക്രമണങ്ങള്‍, തീവെപ്പ്, കൊള്ളയടി എന്നിവ നടത്തിയ ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് നാഷണല്‍ പൊലീസ് ബോഡി. കഴിഞ്ഞ ദിവസമാണ് ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്.
മേഴ്സിസൈഡില്‍ ജൂലൈ 29ന് ടെയ്ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ലണ്ടനിലേക്ക് കുടിയേറിയെത്തിയ മുസ്ലിം യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലതുപക്ഷ സംഘടനകള്‍ മുസ്ലിങ്ങളെയും കുടിയേറ്റക്കാരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആരംഭിച്ചതും കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലുടനീളമുള്ള നഗരങ്ങളിലും വടക്കന്‍ അയര്‍ലന്‍ഡിലും കലാപം ഉണ്ടായിരുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ട പലരേയും പൊലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. യു.കെയിലുടനീളം 1024 പേരെ അറസ്റ്റ് ചെയ്യുകയും 575 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ടെന്നാണ് നാഷണല്‍ പൊലീസ് ചീഫ് കൗണ്‍സില്‍ പറയുന്നത്.
അറസ്റ്റിലായവരില്‍ 69കാരന്‍ മുതല്‍ 11കാരന്‍ വരെയുണ്ട്. ബേസിങ്‌സ്റ്റോക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്ക് കൊണ്ടുവന്ന 13 വയസുകാരി വരെ ആക്രമണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.
‘ഈ ഭീതിപ്പെടുത്തുന്ന സംഭവം ഈ കലാപകാരികള്‍ ലക്ഷ്യമിടുന്ന ആളുകള്‍ക്കിടയില്‍ യഥാര്‍ത്ഥ ഭയം സൃഷ്ടിക്കും – ഒരു ചെറിയ പെണ്‍കുട്ടി ഈ ആക്രമണത്തില്‍ പങ്കെടുത്തുവെന്നറിയുന്നത് വളരെ വിഷമകരമാണ്,’ പ്രോസിക്യൂട്ടര്‍ തോമസ് പവര്‍ പറഞ്ഞു.
Content Highlight: Police said that they are arresting more than a thousand people Who Involved Violence Against Muslims In UK