തുവ്വൂരിലേത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് പൊലീസ്; വിഷ്ണുവും സംഘവും ഗൂഢാലോചന നടത്തി
Kerala News
തുവ്വൂരിലേത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് പൊലീസ്; വിഷ്ണുവും സംഘവും ഗൂഢാലോചന നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd August 2023, 1:49 pm

കരുവരാക്കുണ്ട്: തുവ്വൂര്‍ കൃഷിഭവന്‍ ജീവനക്കാരിയായ സുജിതയുടെ കൊലപാതകം ഗൂഢാലോചനക്ക് ശേഷമെന്ന് പൊലീസ്. സ്വന്തം വീട്ടില്‍വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിഷ്ണുവിന്റെ മൊഴി. സുജിതയെ കൊലപ്പെടുത്തിയത് ദൃശ്യം സിനിമയുടെ മാതൃകയിലാണെന്നും മലപ്പുറം എസ്.പി സുജിത് ദാസ് എസ് മാധ്യമങ്ങളോട് പറഞ്ഞു.

വിഷ്ണുവും സഹോദരങ്ങളായ വൈശാഖും സുഹൃത്ത് സഹദും ചേര്‍ന്നാണ് സുജിതയെ കൊലപ്പെടുത്തുന്നത്. വിഷ്ണുവിന്റെ വീട്ടുമുറ്റത്തെ മാലിന്യം നിറഞ്ഞ കുഴിയിലാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച് പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് മൃതദേഹം ഉണ്ടായിരുന്നത്.

ഈ മാസം 11 നാണ് സുജിതയെ കാണാതാകുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങുകയായിരുന്നു. വൈകിട്ട് ഫോണ്‍ സ്വിച്ച് ഓഫായതിനെ തുടര്‍ന്ന് അന്ന് തന്നെ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കാണാതായി ഒരു മണിക്കൂറിന് ശേഷം തന്നെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. സുജിതയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വിറ്റ് ലഭിച്ച ആറര ലക്ഷം രൂപ പ്രതികള്‍ പങ്കിട്ടുവെന്നാണ് പൊലീസ് പറയുന്നത്.

തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. സുജിതയും
വിഷ്ണുവും പരിചയക്കാരായിരുന്നു. സുജിതയെ കാണാതാവുന്നതിന് മുന്‍പ് തന്നെ വിഷ്ണു തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐ.എസ്.ആര്‍.ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.

കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായിട്ടുണ്ട്. നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. സുജിതയുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവും സംഘവും പിടിയിലാകുന്നത്.

അതിനിടെ അന്വേഷണത്തില്‍ നിന്ന് പൊലീസിനെ വഴിതെറ്റിപ്പിക്കാനുള്ള ഇടപെടലും പ്രതികള്‍ നടത്തിയിരുന്നു. സുജിത മറ്റൊരാള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് പോയെന്ന കഥ വിഷ്ണുവും സംഘവും നാട്ടില്‍ പ്രചരിപ്പിച്ചിരുന്നു. സുജിതയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട ആക്ഷന്‍ കമ്മിറ്റിയിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു നവമാധ്യമങ്ങളില്‍ പ്രതിഷേധ പോസ്റ്റുകളും പങ്കുവെച്ചിരുന്നു.

Content Highlight: Police said that the murder of Sujitha, an employee of Thuvvur Krishi Bhavan, was after a conspiracy