കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി ആണെന്ന് പൊലീസ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
കേസില്‍ അറസ്റ്റിലായ പ്രതികളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അറസ്റ്റിലായ പ്രതിയുടെ പിതാവും ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ മുഖ്യ സൂത്രധാരന്‍ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി ആണെന്ന് പൊലീസ് അറിയിച്ചത്.
കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ള പ്രതികള്‍ക്കെല്ലാം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കേസില്‍ ആകെ 12 പ്രതികളാണ് ഉള്ളത്.
ഇതില്‍ ഡി.വൈ.എഫ്.ഐയുടെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്. ബോംബ് ഉണ്ടാക്കാൻ ആസൂത്രണം ചെയ്തതും അതിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചതും ഷിജാലാണെന്ന് പൊലീസ് പറഞ്ഞു. ഷിജാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് അറസ്റ്റിലായ ആറ് പ്രതികളും മൊഴി നല്‍കിയത്.
പക്ഷെ ഇയാളെ ഇതുവരെ കസ്റ്റഡയിലെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഒളിവില്‍ കഴിയുന്ന ഷിജാലിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കഴിഞ്ഞ ദിവസം എ.ഡി.ജി.പി എം.ആര്‍. അജിത് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ വെക്കണമെന്നാണ് പ്രധാന നിര്‍ദേശം.
Content Highlight: Police said that the main mastermind of the Panur blast was the unit secretary of DYFI