ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന അക്രമണത്തിന് പിന്നില്‍ പൊലീസും ആര്‍.എസ്.എസും ബി.ജെ.പിയും ആണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ഞായറാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച അക്രമണത്തില്‍ ഏഴോളം പേര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഉദിത് രാജിന്റെ പ്രതികരണം.
രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ അക്രമണം കൂടുതല്‍ അപമാനമാണുണ്ടാക്കുന്നത്. ദല്‍ഹി സുരക്ഷിതമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇന്നലെ അവര്‍ രാജ്യ തലസ്ഥാനത്തില്‍ വരെ തീയിട്ടു. പൊലീസും ആര്‍.എസ്.എസും ബി.ജെ.പിയും ആണ് മൗജ്പൂര്‍, ജാഫറാബാദ്, കരാവല്‍ നഗര്‍ എന്നിവിടങ്ങളില്‍ നടന്ന അക്രമണത്തിന് പിന്നിലെന്നും ഉദിത് രാജ് പറഞ്ഞു.
മുസ്ലിം വീടുകള്‍ തെരഞ്ഞുപിടിച്ചാണ് അക്രമങ്ങളേറെയും. ദല്‍ഹിയിലെ അശോക് വിഹാറിലെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണമുണ്ടായി. ‘ജയ് ശ്രീറാം, ‘ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്’ എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി കോളാമ്പി മൈക്ക് താഴത്തേക്കിട്ട് ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു.
മസ്ജിദ് പരിസരത്തുള്ള ഒരു ഫൂട്വെയര്‍ ഷോപ്പടക്കം, കടകളെല്ലാം കൊള്ളയടിക്കപ്പെട്ടു. കൊള്ളയടിക്കാനെത്തിയവര്‍ പരിസരവാസികളല്ലെന്നും പ്രദേശത്ത് താമസിക്കുന്നവരിലധികവും ഹിന്ദു കുടുംബങ്ങളില്‍പ്പെട്ടവരാണെന്നും കുറച്ച് മുസ്ലിം വീടുകളെയുള്ളുവെന്നും പ്രദേശവാസികള്‍ ദ വയറിനോട് പറഞ്ഞു.