ന്യൂദല്‍ഹി: കര്‍ഷകസമരത്തെ ചെറുക്കാന്‍ തിക്രിയില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും എടുത്തുമാറ്റി. റോഡ്‌ബ്ലോക്കുകള്‍ നിരത്തി ഗതാഗതം തടസ്സപ്പെടുത്തിതിനെ കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.
തിക്രിയില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് കര്‍ഷകരല്ല അധികൃതരാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നിര്‍ദേശം. ആണികള്‍ തറച്ച വലിയ കോണ്‍ക്രീറ്റ് ബ്ലോക്കുകളും ബാരിക്കേഡുകളും നിരത്തിയാണ് കര്‍ഷകസമരത്തെ ചെറുക്കാന്‍ പൊലീസ് റോഡ് തടസ്സപ്പെടുത്തിയത്.
ദല്‍ഹിയിലേക്കുള്ള ദേശീയപാതകള്‍ പലയിടത്തും തടഞ്ഞതിനാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അനുകൂലികള്‍ കര്‍ഷകസമരം ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ റോഡ് തടഞ്ഞ് തടസ്സം സൃഷ്ടിക്കുന്നത് പൊലീസാണെന്ന് കര്‍ഷകര്‍ ഈ മാസം ആദ്യം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് അറോറ, ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പി.കെ അഗര്‍വാള്‍ കര്‍ഷക നേതാക്കളും തിക്രി സന്ദര്‍ശിച്ചിരുന്നു.
തുടര്‍ന്നാണ് അടിയന്തരമായി റോഡ് ബ്ലോക്കുകള്‍ എടുത്തു മാറ്റാന്‍ തീരുമാനിച്ചത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊലീസിന്റെ നേതൃത്വത്തിലാണ് ബാരിക്കേഡുകളും റോഡ്‌ബ്ലോക്കുകളും എടുത്തു മാറ്റിയത്.
എന്നാല്‍, റോഡുകള്‍ പൂര്‍ണമായി തുറക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവന്നേക്കും. സമരക്കാരായ കര്‍ഷകരുടെ സ്‌റ്റേജിന് സമീപം സ്ഥാപിച്ച ബാരിക്കേഡുകള്‍ ഇനിയും മാറ്റിയിട്ടില്ല.