നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക മാതൃക ആശ്രമ സ്‌കൂളിലെ (ഐ.ജി.എം.എം.ആര്‍.എസ്) പ്രധാനാധ്യാപിക സൗദാമിനി, അധ്യാപകരായ അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, പ്രജീഷ്, പ്രതോഷ്, ബേസില്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനെ കുറിച്ചും ഉണ്ണികൃഷ്ണന്‍ എന്ന അധ്യാപകന്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ കുറിച്ചും ഫെബ്രുവരി 21ാം തിയ്യതി ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും നിലമ്പൂര്‍ സി.ഐക്കും പോക്‌സോ (The Protection of Children from Sexual Offences – POCSO Act) നിയമ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി കൊടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ അനുപം മിശ്രയുടെ ഓഫീസില്‍ നിന്നും മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിക്കുകയും മാര്‍ച്ച് 25ന് സബ് കലക്ടറുടെ ഓഫീസില്‍ മൊഴി രേഖപ്പെടുത്താന്‍ പോകുകയുമുണ്ടായി. ഉണ്ണികൃഷ്ണന്‍ എന്ന അധ്യാപകനെതിരെ ലൈംഗികാക്രമണത്തെക്കുറിച്ച് പരാതി ഉന്നയിച്ച കുട്ടികള്‍ അടക്കം മൊഴി രേഖപ്പെടുത്താന്‍ എത്തിയിരുന്നു. പോക്സോ കേസില്‍ കുട്ടികളെ തിരിച്ചറിയുന്ന രീതിയിലുള്ള മൊഴിയെടുപ്പ് നടത്തരുതെന്ന് പോക്സോ നിയമത്തില്‍ പറയുന്നുണ്ട്. ഇതിന്റെ വ്യക്തമായ ലംഘനമായിരുന്നു സബ് കലക്ടറുടെ ചേംബറില്‍ കാണാന്‍ കഴിഞ്ഞത്.
പോക്സോ നിയമ പ്രകാരം പരാതി ഉന്നയിച്ചത് ആരാണോ അവരുടെ സ്ഥലത്ത് പൊലീസ് സിവില്‍ ഡ്രസ്സില്‍ പോയി മൊഴി രേഖപ്പെടുത്തുകയാണ് വേണ്ടത്. കുട്ടിക്ക് ആരുടെ സാനിധ്യത്തിലാണോ മൊഴി രേഖപ്പെടുത്താന്‍ താല്‍പ്പര്യം അവരുടെ കൂടെ ഇരുത്തി കുട്ടി എവിടെയാണോ അവിടെപോയി അവരുടെ ഭാഷയില്‍ അവര്‍ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തണം. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സാനിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തേണ്ടത്. പെണ്‍കുട്ടിയാണ് പരാതി ഉന്നയിച്ചതെങ്കില്‍ വനിതാ പൊലീസിന്റെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തേണ്ടത്. ഇങ്ങനെ ഉദ്യോഗസ്ഥര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും പോക്സോ പ്രകാരം കേസ് എടുക്കാം.
കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്സോയുടെ മറ്റൊരു പ്രത്യേകത. കുട്ടിയുടെ പേരോ, ഫോട്ടോയോ, ദൃശ്യങ്ങളോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയും കോടതിയേയും ബോധ്യപ്പെടുത്തുകയും വേണം.
കുട്ടികളെ മറ്റാരും തിരിച്ചറിയരുത് എന്നിരിക്കെ സബ് കലക്ടറുടെ ഓഫീസില്‍ മൂന്നു സഹായികളും മൊഴി കൊടുക്കാന്‍ വന്ന സ്‌കൂളിലെ അധ്യാപകനും സബ് കലക്ടറുടെ സുരക്ഷാ ഉദ്യോഗസ്ഥരും പ്യൂണും ഉണ്ടായിരുന്നു. ഇടക്ക് കളക്ടറെ കാണാന്‍ മറ്റു ആളുകളും എത്തിയിട്ടുണ്ടായിരുന്നു. ആദിവാസി കുട്ടികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് അധികാരികള്‍ നടത്തിയിരിക്കുന്നത്.
കുട്ടികളുടെ മൊഴിയെടുപ്പിനു ശേഷമാണ് എന്നെ വിളിച്ചത്. സബ് കലക്ടറുടെ ഓഫീസില്‍ നിന്നും വിളിച്ചതനുസരിച്ച് അവിടെ എത്തിയ എന്നോട് നിങ്ങള്‍ ആരാണ് എന്നാണ് സബ് കലക്ടര്‍ ചോദിച്ചത്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമായിരുന്നു അത്. മാധ്യമപ്രവര്‍ത്തകയാണ്, മൊഴി രേഖപ്പെടുത്താന്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ വന്നതാണ് എന്നും അറിയിച്ചു. എന്നാല്‍ സതീഷിന്റെ മരണത്തെ (ആശ്രമം സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം മതിയായ ചികിത്സ ലഭിക്കാതെ മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി) കുറിച്ചാണ് എന്നോട് സബ് കലക്ടര്‍ മൊഴി ആവശ്യപ്പെട്ടത്.
Also Read നീതിതേടി ഒരു സ്‌കൂളും അഞ്ഞൂറോളം ആദിവാസി കുട്ടികളും
സതീഷിന്റെ മരണത്തെ കുറിച്ചല്ല പെണ്‍കുട്ടികളെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ കുറിച്ചും അധ്യാപകര്‍ കുട്ടികളെ മര്‍ദ്ദിക്കുന്നതിനെ കുറിച്ചും ഡൂള്‍ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആ വിഷയത്തില്‍ മൊഴി രേഖപ്പെടുത്താനാണ് എത്തിയത് എന്ന് ഞാന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ സബ് കലക്ടറെ അറിയിച്ചു. പരിപാഷകന്റെ സഹായവും ഉണ്ടായിരുന്നു. തെളിവായി ഞങ്ങളുടെ കയ്യിലുള്ള വീഡിയോകളും കുട്ടികള്‍ എഴുതി നല്‍കിയ പരാതികളും പിന്നീട് ഹാജരാക്കാമെന്ന് അറിയിക്കുകയും ചെയ്തു. അത് അയച്ചു കൊടുക്കാന്‍ സബ് കലക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് സബ് കലക്ടര്‍, ” ഞങ്ങള്‍ സ്‌കൂളില്‍ പോയി കുട്ടികളെ കണ്ടിരുന്നു. പക്ഷേ, ആരും അധ്യാപകര്‍ മര്‍ദ്ദിക്കുന്നതിനെ കുറിച്ചോ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ കുറിച്ചോ പറഞ്ഞിട്ടില്ല. പിന്നെ നിങ്ങളോട് മാത്രം എന്താണ് കുട്ടികള്‍ ഇങ്ങനെ പറഞ്ഞത്”, എന്ന് ചോദിച്ചു. ഇതിനു മറുപടിയായി കുട്ടികളുടെ വീടുകളില്‍ പോയി ചെയ്ത വാര്‍ത്തയാണ് ഇതെന്നും അതിന്റെ മുഴുവന്‍ വീഡിയോയും കുട്ടികള്‍ എഴുതി നല്‍കിയ മൊഴിയും ഞങ്ങളുടെ കൈവശമുണ്ടെന്നും അറിയിച്ചു.
തുടര്‍ന്ന് തെളിവുകള്‍ കലക്ടറുടെ സഹായിയായ സുരേഷിന് വാട്സ്ആപ്പ് ചെയ്യുകയോ മാര്‍ച്ച് 27ാം തിയ്യതി ആശ്രമം സ്‌കൂളില്‍ നടക്കുന്ന മൊഴി രേഖപ്പെടുത്തലില്‍ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് സബ് കലക്ടര്‍ ആവശ്യപ്പെട്ടു. സബ് കലക്ടര്‍ പറഞ്ഞത് പ്രകാരം, സ്‌കൂളിലാണ് ആദ്യഘട്ട മൊഴി രേഖപ്പെടുത്തലിന് പോയതെങ്കില്‍ അവിടേയും പോക്സോ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ട്.
സതീഷിന്റെ കുടുംബവും ഫ്രട്ടേണിറ്റി ഭാരവാഹികളും സബ് കലക്ടറുടെ ഓഫീസില്‍ എത്തിയിരുന്നു. സതീഷിന്റെ ബന്ധുക്കളും കോളനിയിലുള്ളവരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫ്രട്ടേണിറ്റി ഭാരവാഹികള്‍ എത്തിയത്. ഹിന്ദിയും ഇംഗ്ലീഷും മാത്രം അറിയുന്ന സബ് കലക്ടറുടെ സാന്നിധ്യത്തില്‍ പരിഭാഷകരായ സഹായികളെ വെച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയിരുന്നത്. പെണ്‍കുട്ടികള്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങളെ കുറിച്ച് വ്യക്തമായി സബ് കലക്ടറോട് അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ പറഞ്ഞ ഈ കാര്യങ്ങള്‍ സഹായികളായിരുന്ന റഷീദ്, സുരേഷ് എന്നിവര്‍ സബ് കലക്ടറോട് അറിയിച്ചിട്ടില്ലെന്ന് ഫ്രട്ടേണിറ്റി സെക്രട്ടേറിയറ്റ് മെമ്പര്‍ അഷ്‌റഫ് കെ.കെ പറഞ്ഞു. മൊഴിയെടുപ്പിനു ശേഷം സബ് കലക്ടറോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞതെന്ന് അഷ്‌റഫ് പറഞ്ഞു.
“ആരും പരാതി ഉന്നയിച്ചിട്ടില്ല എന്നാണ് സബ് കലക്ടര്‍ പറഞ്ഞത്. കൃത്യമായി പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അധ്യാപകരുടെ പേരടക്കം പറഞ്ഞിട്ടുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. അവര്‍ ഒത്തു കളിക്കുകയാണ്. അല്ലെങ്കില്‍ കുട്ടികള്‍ പറഞ്ഞത് അതേ അര്‍ത്ഥത്തില്‍ പരിപാഷകര്‍ കലക്ടറെ ബോധ്യപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പാണ് ഭയങ്കര തിരക്കാണ് എന്നാണ് സബ് കലക്ടര്‍ പറഞ്ഞത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനെ കുറിച്ചു സംസാരിച്ചപ്പോള്‍ സബ് കലക്ടര്‍ ദേഷ്യപ്പെടുകയും ചേംബറില്‍ നിന്നും ഇറങ്ങി പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തെളിവുകള്‍ ഹാജരാക്കാതെ സംസാരിക്കരുത് എന്നാണ് സബ് കലക്ടര്‍ പറഞ്ഞത്. ഈ കേസില്‍ നിയമ ലംഘനം നടന്നിട്ടുണ്ട്”- അഷ്‌റഫ് പറയുന്നു.
മാര്‍ച്ച് 27ാം തിയ്യതി സ്‌കൂളില്‍ വെച്ച് സബ് കലക്ടറുടെ സാനിധ്യത്തില്‍ നടന്ന മൊഴിയെടുപ്പിലും അധ്യാപകര്‍ക്കെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടികളെ വിളിച്ചു വരുത്തിയിരുന്നു. ഇവിടേയും പോക്സോ നിയമത്തിന്റെ ലംഘനമാണ് നടന്നിട്ടുണ്ട്. അധ്യാപകനായ ഉണ്ണികൃഷ്ണനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ മൊഴി അതേ അധ്യാപകരുടെ സാനിധ്യത്തിലാണ് രേഖപ്പെടുത്തിയതെന്നു കുട്ടിയുടെ കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. കുട്ടിയുടെ ബന്ധുക്കളെ സ്‌കൂളിനകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ അധ്യാപകര്‍ സ്‌കൂള്‍ ഗെയ്റ്റ് അകത്തു നിന്നും പൂട്ടിയാണ് കുട്ടിയെ മൊഴി രേഖപ്പെടുത്താന്‍ കൊണ്ടുപോയതെന്ന് അധ്യാപകരുടെ പീഡനം നേരിട്ട മറ്റൊരു പെണ്‍കുട്ടി പറഞ്ഞു.
മൊഴിയെടുക്കലിനു പകരം ചോദ്യം ചെയ്യലാണ് ഉണ്ടായതെന്നും സമ്മര്‍ദ്ദം താങ്ങാനാവാതെ കുട്ടി തലകറങ്ങി വീണെന്നും കേരള ആദിവാസി ഫോറം പ്രവര്‍ത്തകനായ അനില്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ നിലമ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിയ സബ് കലക്ടര്‍ കുട്ടിയെ കാണാതെ ഡോക്ടറെയാണ് കണ്ടത്. ഇതിനു ശേഷം ഡോക്ടര്‍ കുട്ടിയുടെ അച്ഛനോട് കുട്ടി സമയത്തിനു ഭക്ഷണം കഴിക്കാത്തത് മൂലമാണ് തലകറങ്ങി വീണത് എന്ന് പറഞ്ഞു.
അതേസമയം, കുട്ടിയെ ഒറ്റയ്ക്ക് വിളിച്ചു കൊണ്ടുപോയി ചോദ്യം ചെയ്യുകയും അതില്‍ പേടിച്ച് സമ്മര്‍ദ്ദംമൂലം കുട്ടി തലകറങ്ങി വീഴുകയുമായിരുന്നെന്നാണ് കുട്ടിയുടെ അച്ഛന്‍ ഞങ്ങളോടു പറഞ്ഞത്. സ്്കൂളില്‍ നടന്ന മൊഴി രേഖപ്പെടുത്തലില്‍ അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയുന്നതിനെ കുറിച്ചും മര്‍ദ്ദിക്കുന്നതിനെ കുറിച്ചും വീണ്ടും പറഞ്ഞെന്നും പരാതി രേഖാ മൂലം നല്‍കിയെന്നും ലൈംഗികാക്രമണം നേരിട്ട പെണ്‍കുട്ടി പറഞ്ഞു.
25ാം തിയ്യതി നടന്ന മൊഴി രേഖപ്പെടുത്തലില്‍ സതീഷിന്റെ അച്ഛന്‍ സുന്ദരനെ സബ് കലക്ടറുടെ സഹായികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
“നിങ്ങള്‍ ആരെങ്കിലും പറയുന്നത് കേട്ടിട്ടാണോ ഇവിടെ വന്നത് എന്ന് സബ് കലക്ടറുടെ സഹായികള്‍ ചോദിച്ചു. അല്ല, ഞങ്ങളുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് വന്നത് എന്ന് മറുപടി പറഞ്ഞു. ഹോസ്റ്റലില്‍ പോയി സതീഷിന്റെ കാര്യം അന്വേഷിക്കാറുണ്ടോ എന്ന് ചോദിച്ചതിന് മാസത്തില്‍ രണ്ടു തവണ പോകാറുണ്ടെന്ന് മറുപടി നല്‍കി. അപ്പോള്‍ അവര്‍ പറഞ്ഞു, ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ടാണ് നിങ്ങള്‍ ഇവിടെ വന്നതെങ്കില്‍ നിങ്ങള്‍ക്ക് പണികിട്ടും. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് ഞങ്ങള്‍ അന്വേഷിക്കും എന്നും ഭീഷണിപ്പെടുത്തി”. സതീഷിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമുണ്ട് എന്നും ഞങ്ങളുടെ മകന്‍ എങ്ങനെയാണ് മരിച്ചത് എന്ന് തെളിയിക്കപ്പെടണമെന്നും സുന്ദരന്‍ പറഞ്ഞു.
സബ് കലക്ടറുടെ സഹായികള്‍ പരിഹസിക്കുന്ന പോലെയാണ് മൊഴി രേഖപ്പെടുത്തുമ്പോള്‍ പെരുമാറിയതെന്ന് ആദിവാസി അവകാശ പ്രവര്‍ത്തക ചിത്രയും പറഞ്ഞു.
“സബ് കലക്ടര്‍ക്ക് മലയാളം അറിയാത്തത് കൊണ്ട് സബ് കലക്ടര്‍ ഒന്നും സംസാരിച്ചിട്ടില്ല. കൂടെയുള്ള ആളുകള്‍ മൊഴിയെടുക്കുന്ന രീതിയിലല്ല പെരുമാറിയത്. ചോദ്യം ചെയ്യുന്ന രീതിയിലാണ് പെരുമാറിയത്. പി.ടി.എ പ്രസിഡന്റ്് ആയപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല, ഇപ്പോഴാണോ പ്രതികരിക്കുന്നത് എന്ന് ചോദിച്ചു. ഒരു വര്‍ഷമാണ് പി.ടി.എ പ്രസിഡന്റായി നിന്നത്. അന്ന് എല്ലാ പ്രശ്നങ്ങളും കലക്ടറോട് പറഞ്ഞിരുന്നു. മൂന്നു കുട്ടികള്‍ സ്‌കൂളില്‍ മരണപ്പെട്ടു. ഇനി ഞങ്ങള്‍ ക്ഷമിക്കില്ല. അതുകൊണ്ടാണ് ഞങ്ങള്‍ കേസുമായി മുന്നോട്ടു പോകുന്നതെന്ന് പറഞ്ഞു.
ഇതിനു മുമ്പേ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് കലക്ടറുടെ മുമ്പിലും ഐ.ടി.ഡി.പിക്കാരുടെ മുമ്പിലും വെച്ച് പരിഹരിക്കുകയായിരുന്നു ചെയ്തിരുന്നത്. കുളിച്ചില്ല എന്ന് ആരോപിച്ച് കുട്ടികളെ വെയിലത്ത് നിര്‍ത്തിയതുമായി ബന്ധപ്പെട്ട കേസ് പറഞ്ഞപ്പോള്‍ അന്ന് സ്‌കൂളില്‍ വെയില്‍ ഉണ്ടായിരുന്നില്ല, നല്ല തണുപ്പായിരുന്നല്ലോ എന്നാണ് അവര്‍ പറഞ്ഞത്. സതീഷിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുപ്പ് നടക്കുന്നതെന്നും അതിന്റെ കൂടെ മറ്റു കാര്യങ്ങളും കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. വളരെ പരിഹസിക്കുന്ന രീതിയിലാണ് അവര്‍ സംസാരിച്ചത്”- ചിത്ര പറയുന്നു.
അവിടെയുണ്ടായിരുന്ന ഫ്രട്ടേണിറ്റി പ്രവര്‍ത്തകരോടും മോശമായാണ് സബ് കലക്ടറുടെ സഹായികള്‍ പെരുമാറിയതെന്നും അവര്‍ പറയുന്നു.
പോക്സോ കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തേണ്ടത്. സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇത്തരം കേസുകളില്‍ അന്വേഷണം നടത്തേണ്ടത്. മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ അന്വേഷണം നടത്തുന്നത് കേസ് ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണെന്ന് നിയമ വിദഗ്ദര്‍ ആരോപിക്കുന്നത്. ഈ ആരോപണത്തെ സാധൂകരിക്കുന്ന കാര്യങ്ങളാണ് കലക്ട്രേറ്റില്‍ നടന്ന മൊഴിയെടുപ്പില്‍ നിന്നും അനുഭവപ്പെട്ടത്.