പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ മൂന്ന് പേരെയാണ് തിരിച്ചയച്ചത്.
പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി. ശബരിമലയിലെ ആചാരത്തെകുറിച്ച് അറിയില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായതോടെ ഇന്ന് 1.15 ഓടെയാണ് തീര്‍ത്ഥാടകര്‍ എത്തിയത്. തീര്‍ത്ഥാടകരെ കടത്തിവിട്ട് 5 മിനുട്ട് ആയപ്പോള്‍ ആയിരുന്നു 15 അംഗ സംഘം എത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്രയും കൂടുതല്‍ സ്ത്രീകളെ കണ്ടതോടെ പൊലീസ് അവരെ കണ്‍ട്രോള്‍ റൂമിന് സമീപത്തേക്ക് വിളിച്ച് ആധാര്‍ കാര്‍ഡ് പരിശോധിക്കുകയായിരുന്നു.
വനിതാ പൊലീസ് ആധാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മൂന്ന് സ്ത്രീകളുടെ പ്രായം 50 വയസിന് താഴെയാണെന്ന് മനസിലായി. ഇതോടെ ഇവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും മറ്റുള്ളവരെ ആധാര്‍ പരിശോധിച്ച ശേഷം 50 വയസിന് മുകളില്‍ പ്രായം ഉള്ളവരെ മാത്രം കടത്തിവിടുകയുമായിരുന്നു.
സ്ത്രീകള്‍ക്കൊപ്പമുള്ള പുരുഷന്‍മാര്‍ കാര്യം തിരക്കിയപ്പോള്‍ ഇത്തരത്തിലൊരു വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ആകില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു.
എന്നാല്‍ തങ്ങള്‍ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടക യാത്രയുടെ ഭാഗമായി എത്തിയതാണെന്നും ആചാരത്തെ കുറിച്ച് അറിവില്ലായിരുന്നു എന്നും മടങ്ങിപ്പോകുന്നതിന് എതിര്‍പ്പില്ലെന്നും പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവിന് സ്‌റ്റേ ഇല്ലെങ്കിലും യുവതികളെ ഇത്തവണ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
പമ്പയില്‍ തീര്‍ത്ഥാടകരെ പരിശോധിക്കാന്‍ ചെക്‌പോസ്റ്റ് ഉണ്ടാകില്ലെന്ന് ഇന്ന് രാവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. എന്നാല്‍ പമ്പയില്‍ ചെക് പോസ്റ്റായി നിര്‍ത്തിയ ചങ്ങല എടുത്ത് മാറ്റിയെങ്കിലും കണ്‍ട്രോള്‍ റൂമില്‍ വെച്ച് സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നുണ്ട്.