തിരുവനന്തപുരം: ഇടത് എം.എല്‍.എ ഇ.എസ് ബിജിമോളുടെ പരതിയില്‍ എം.എ വാഹിദിനെതിരായ പോലീസ് റിപ്പാര്‍ട്ട് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. നിയമസഭയില്‍ ബജറ്റ് അവതരണദിവസമുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ബിജിമോള്‍ക്കെതിരെ വാഹിദിന്റെ പരാമര്‍ശം വരുന്നത്.
ബിജിമോളുടെ പരാതി ശരിയാണെന്നും എം.എല്‍.എയെ അപമാനിക്കുന്ന തരത്തിലാണ് പൊതുയോഗത്തില്‍ വാഹിദ് പ്രസംഗിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് പോലീസ് റിപ്പോര്‍ട്ട് പിന്‍വലിച്ചെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍ പോലീസ് റിപ്പോര്‍ട്ട് പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും പത്രത്തില്‍ പറയുന്നു.
നിയമസഭയില്‍ ഐരാവതത്തെ പോലെ ബിജി മോള്‍ വന്നുവെന്നായിരുന്നു വാഹിദ് കഴക്കൂട്ടത്തെ പൊതുപാരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. തുടര്‍ന്ന് നിയമസഭക്കകത്തും പുറത്തും വാഹിദ് തന്നെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബിജി മോള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
നിയമ സഭയില്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും പൊതുവേദിയില്‍ വ്യക്തിഹത്യ നടത്തിയെന്നും ബിജിമോള്‍ പരാതിയില്‍ പറയുന്നു. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദനനാണ് കേസ് അന്വേഷിച്ചത്. പ്രാഥമികാന്വേഷണത്തില്‍ തന്നെ പരാതി ശരിയാണെന്ന് തെളിയുകയും എം.എ വാഹിദിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ താന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് ജവഹര്‍ ജനാര്‍ദ്ദനന്‍ അറിയിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.