തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരേയും മാനേജ്‌മെന്റിനേയും കുറ്റപ്പെടുത്തി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
ജിഷ്ണു പ്രണോയിയെ അധ്യാപകരും മാനേജ്‌മെന്റും ചേര്‍ന്ന് കരുതിക്കൂട്ടി കുടുക്കുകയായിരുന്നുവെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാനേജ്‌മെന്റിന്റെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു നടപടി.
ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിക്കുന്നതല്ലാതെ തെളിവുകളൊന്നും മാനേജ്‌മെന്റിന്റെ കൈവശമില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മാത്രമല്ല, പൂര്‍വവൈരാഗ്യത്തോടെയാണ് കോളജ് മാനേജ്‌മെന്റ് ജിഷ്ണുവിനോട് പെരുമാറിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോളജില്‍ നടന്ന ചില സമരങ്ങള്‍ക്കു പിന്നിലെ ജിഷ്ണുവിന്റെ പങ്കും കോളജ് മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളോടുള്ള ജിഷ്ണുവിന്റെ എതിര്‍പ്പുമാണ് വൈരാഗ്യത്തിന്റെ കാരണം.
കോപ്പിയടി കേസില്‍ ജിഷ്ണുവിനെ മനപൂര്‍വം കുടുക്കുകയായിരുന്നു. എന്നാല്‍ ഈ നീക്കത്തെ പ്രിന്‍സിപ്പലിന് എതിര്‍ത്തിരുന്നെന്നും അധ്യാപകരും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് എല്ലാം നടപ്പിലാക്കുകയായിരുന്നെന്നും പൊലീസ് പറയു്‌നനു. എല്ലാത്തിന്റേയും സൂത്രധാരന്‍ കൃഷ്ണദാസ് ആയിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവീണിനെ ഇന്‍വിജിലേറ്ററാക്കിയത് ജിഷ്ണുവിനെ കുടുക്കാന്‍ വേണ്ടിയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ സിസി ടിവി ദൃശ്യങ്ങള്‍ വരെ നശിപ്പിച്ചെന്നും പൊലീസിന്റെ അന്വേഷണറിപ്പര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പരീക്ഷയ്ക്കുശേഷം കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍വച്ച് ജിഷ്ണുവിന് മര്‍ദ്ദമേറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ജിഷ്ണു ആത്മഹത്യ ചെയ്തത്.
അതിനിടെ, ജിഷ്ണു ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കം അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൃഷ്ണദാസാണ് ഒന്നാം പ്രതി. മര്‍ദനം, ആത്മഹത്യാ പ്രേരണ തുടങ്ങിവയാണു കുറ്റങ്ങള്‍. ജാമ്യമില്ലാ വകുപ്പനുസരിച്ചാണു കേസ്. കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍ പോയതായി പൊലീസ് വ്യക്തമാക്കി. വൈസ് പ്രിന്‍സിപ്പല്‍ അടക്കം അഞ്ചുപേരുടെ വീടുകളില്‍ പൊലീസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.