| Friday, 13th July 2012, 2:08 pm

ജഡ്ജി കൈക്കൂലി വാങ്ങിയെന്ന പ്രസംഗം: സുധാകരനെതിരെ അന്വേഷണം വേണ്ടെന്ന റിപ്പോര്‍ട്ട് തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജഡ്ജിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി നടത്തിയ വിവാദ പ്രസംഗത്തില്‍ അന്വേഷണം വേണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഈ കേസ് വിജിലന്‍സ് എഴുതി തള്ളിയതാണെന്നും കേസില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി പോലീസിനോട് ഉത്തരവിട്ടു.

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടുവെന്ന കെ. സുധാകരന്റെ വെളിപ്പെടുത്തലാണ് കേസിനാധാരം. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണയോഗത്തിലാണ് ജയരാജന്‍ ഇക്കാര്യം പ്രസംഗിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. കുറ്റകൃത്യം മറച്ചു വച്ചതിനെതിരെ ഐ.പി.സി 120, 202 വകുപ്പുകള്‍ പ്രകാരമാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.

കെ.കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. സുപ്രീംകോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷിയാണ്. ഇതു സംബന്ധിച്ച്  തന്റെ പക്കല്‍ രേഖകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ പറഞ്ഞകാര്യം എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ തന്റെ മനസാക്ഷിയാണ് സാക്ഷിയെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more