റഹ്മാനും സജിതയും പറഞ്ഞതില്‍ ദുരൂഹതയില്ല; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി പൊലീസ്
Kerala News
റഹ്മാനും സജിതയും പറഞ്ഞതില്‍ ദുരൂഹതയില്ല; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th June 2021, 10:13 am

പാലക്കാട്: നെന്മാറയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ 11 വര്‍ഷത്തോളം ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സജിതയുടെയും റഹ്മാന്റെയും മൊഴികളെ സാധൂകരിക്കുന്ന തെളിവുകളാണ്  കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ സാഹചര്യതെളിവുകളും മൊഴികളും പരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സി.ഐ. തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് സമര്‍പ്പിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും കാണും. ഇതിന് ശേഷമായിരിക്കും മാതാപിതാക്കളെയും സന്ദര്‍ശിക്കുക.

റഹ്മാന്റെയും സജിതയുടെയും മൊഴികള്‍ നേരത്തെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത നീക്കാനായിരുന്നു വനിതാ കമ്മീഷന്‍ ഇടപെടല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Police report given to Women commission of Kerala in Rahman-Sajitha issue