| Tuesday, 15th June 2021, 10:00 pm

കൊടകരയിലെ കവര്‍ച്ച പണം ബി.ജെ.പിയുടേത് തന്നെ; പണമെത്തിയത് കര്‍ണ്ണാടകയില്‍ നിന്നെന്ന് പൊലീസ് കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കവര്‍ച്ച ചെയ്തത് ഹവാല പണമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായികും സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കവെയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത് കുഴല്‍പ്പണം തന്നെയാണെന്നും കര്‍ണ്ണാടകയില്‍ നിന്നാണ് പണമെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ പണം കടത്തിയതെന്നും ഡി.വൈ.എസ്.പി. വി.കെ. രാജു കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം യാതൊരു കാരണവശാലും ധര്‍മരാജനോ സുനില്‍ നായിക്കിനോ വിട്ട് നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ മൂന്നേകാല്‍ കോടി ദല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിന് കൊണ്ടു പോവുകയായിരുന്നു എന്നാണ് ധര്‍മരാജന്റെ വാദം.

25 ലക്ഷം രൂപ തന്റേതാണെന്ന് സുനില്‍ നായിക്കും ഹരജിയില്‍ അവകാശപ്പെട്ടിരുന്നു. ഡ്രൈവര്‍ ഷംജീറാണ് കാര്‍ വിട്ടു നല്‍കണം എന്ന ഹരജി നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹരജികള്‍ ഈ മാസം 23 ലേക്ക് മാറ്റിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Police Report Aganist BJP In Kodakara Hawala Case

We use cookies to give you the best possible experience. Learn more