ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് അംബേദ്ക്കറിന്റെയും ബുദ്ധന്റെയും പ്രതിമകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. പ്രദേശവാസികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. പ്രതിമകള്‍ നീക്കം ചെയ്തതിന് പിന്നാലെ പൊലീസുകാര്‍ക്കെതിരെ ഗ്രാമവാസികള്‍ കല്ലെറിയുകയും ഏറ്റുമുട്ടുകയുമായിരുന്നു.
സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാര്‍ച്ച് 11നാണ് പഞ്ചായത്ത് ഭവന് മുന്നില്‍ പ്രദേശവാസികള്‍ പ്രതിമകള്‍ സ്ഥാപിച്ചത്. പിന്നാലെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അധികൃതര്‍ പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പ്രദേശവാസികള്‍ പ്രതിമ നീക്കം ചെയ്യുന്നത് തടയുകയും പിന്നാലെ പ്രതിമകള്‍ അവിടെ തന്നെ സ്ഥാപിക്കുകയുമായിരുന്നു.
പിന്നീടും പരാതി ഉയര്‍ന്നതോടെയാണ് ഹോലി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശശിബിന്ദ് ദ്വിവേദിയും സര്‍ക്കിള്‍ ഓഫീസര്‍ വിശാല്‍ ഗുപ്തയും പോലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘത്തോടൊപ്പം പിസവന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലെത്തിയത്.
പിന്നാലെ തര്‍ക്ക സ്ഥലത്തെ പ്രതിമകള്‍ ബുള്‍ഡോസര്‍ കൊണ്ടുവന്ന് അധികൃതര്‍ നീക്കം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്.
Content Highlight: Police remove Ambedkar and Buddha statues installed by locals on panchayat land; clashes ensue, five people in custody