പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍, നൗഷാദിനെ കൊലപ്പെടുത്തിയത് താനാണെന്ന് കേസില്‍ പ്രതിയായിരുന്ന അഫ്‌സാന വിവരിക്കുന്ന വീഡിയോ പുറത്തുവിട്ട് പൊലീസ്. നൗഷാദിനെ കൊലപ്പെടുത്തയെന്ന മൊഴി പൊലീസ് നിര്‍ബന്ധിപ്പിച്ച് പറയിപ്പിച്ചതാണെന്നുള്ള അഫ്‌സാനയുടെ ആരോപണത്തിന്റ പശ്ചാത്തലത്തിലാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്.
കൊലപ്പെടുത്തിയെന്ന് പറയുന്ന കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിക്കുന്നതാണ് വീഡിയോയിലുള്ളത്. നാല് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നൗഷാദ് തന്നെ അക്രമിച്ചതിനെക്കുറിച്ചും പറയുന്നുണ്ട്. കേസിലെ പൊലീസ് അന്വേഷണത്തില്‍ വീഴ്ചകള്‍ പരിശോധിക്കാന്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് പുതുയ വീഡിയോ പുറത്തുവിടുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങയ ശേഷമുള്ള അഫ്‌സാനയുടെ മുഖത്തുള്ള മുറിപ്പാടുകള്‍ വ്യാജമാണെന്നും പൊലീസ് ആരോപിക്കുന്നു.
അതേസമയം, തന്നെ പൊലീസ് മര്‍ദിച്ചത് കൊണ്ടാണ് നൗഷാദിനെ കൊലപ്പെടുത്തിയതായി മൊഴി നല്‍കിയതെന്ന് അഫ്സാന ജയില്‍ മോചിതനായ ശേഷം പറഞ്ഞിരുന്നത്. ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും, പിതാവിനെ കാലില്‍ കെട്ടിത്തൂക്കിയിടും, കുട്ടികളെ കാണിക്കില്ല എന്നിങ്ങനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കുകയായിരുന്നുവെന്നും അഫ്‌സാന പറഞ്ഞിരുന്നു.
ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ ദിവസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയില്‍ വെച്ച് കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസും, പ്രചരിക്കുന്ന ചിത്രവും വെച്ചായിരുന്നു തൊടുപുഴയില്‍ നിന്ന് നൗഷാദിനെ കണ്ടെത്തുന്നത്.
താന്‍ പേടിച്ചിട്ടാണ് നാട് വിട്ടതെന്നും ഭാര്യ എന്തുകൊണ്ടാണ് അങ്ങനൊരു മൊഴി നല്‍കിയതെന്നറിയില്ലെന്നും നൗഷാദ് അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഭാര്യയുമായി ചില വഴക്കുകളുണ്ടായിട്ടുണ്ടെന്നും ഇനി തിരികെ വീട്ടിലേക്ക് പോകില്ലെന്നുമാണ് അന്ന് നൗഷാദ് പറഞ്ഞത്. എന്നാല്‍ അഫ്സാന നൗഷാദിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയതായാണ് പൊലീസ് പറഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണിത്തിലായിരുന്നു നൗഷാദിനെ ജീവനോടെ കണ്ടെത്തിയത്.