| Monday, 3rd April 2023, 3:09 pm

എലത്തൂര്‍ ട്രെയിന്‍ അക്രമം; സി.സി.ടി.വിയിലിള്ളത് വിദ്യാര്‍ത്ഥി, പ്രതിയല്ലെന്ന് പൊലീസ്; അന്വേഷണം രേഖാച്ചിത്രം കേന്ദ്രീകരിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തിലെ അക്രമിയുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ തള്ളി പൊലീസ്. സി.സി.ടി.വിയില്‍ ബൈക്കില്‍ കയറി പോയത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവ് റോഡില്‍ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുന്നതും ശേഷം കുറച്ചു സമയത്തിന് ശേഷം വന്ന ഒരു ബൈക്കില്‍ കയറി പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ സി.സി.ടിവിയിലെ സമയവും അക്രമം നടന്ന സമയവുമായി ചേര്‍ത്തുവെക്കുമ്പോഴും പൊരുത്തക്കേടുണ്ടായിരുന്നു.

അതിനിടെ, ദൃക്‌സാക്ഷിയുടെ സഹായത്തോടെ തയ്യാറാക്കിയ രേഖാച്ചിത്രം പൊലീസ് പുറത്തുവിട്ടു. രേഖാച്ചിത്രത്തിനും താന്‍ കണ്ട പ്രതിക്കും സാമ്യമുണ്ടെന്ന് ദൃക്‌സാക്ഷിയായ റാഷിക്ക് സ്ഥിരീകരിച്ചു. പ്രതിയുടെ കാലിന് പൊള്ളലേറ്റതിനാല്‍ അദ്ദേഹം ചികിത്സ തേടി എന്നുള്ള കാരണം കണ്ടത്തി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

പൊലീസ് പുറത്തുവിട്ട രേഖാച്ചിത്രം

അതേസമയം, പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലെ എഴുത്തുകള്‍ പരസ്പരം ബന്ധമില്ലാത്തതാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ വഴിതെറ്റിക്കാന്‍ മനപ്പൂര്‍വം ബാഗ് ഉപേക്ഷിച്ചതാണെന്നുള്ള സംശവും പൊലീസിനുണ്ട്.

കേസ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുകയാണെന്ന് ഡി.ജി.പി അനില്‍ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട്
പറഞ്ഞു. ഡി.ജി.പി ഇന്ന് സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണുന്നുണ്ട്.

Content Highlight: police rejected the CCTV footage circulating as the assailant of the incident in which three people died after pouring petrol on the bodies of fellow passengers and setting them on fire

We use cookies to give you the best possible experience. Learn more