| Wednesday, 27th November 2019, 2:43 pm

'മാമാങ്കം' സിനിമയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം: സജീവ് പിള്ള അടക്കം ഏഴുപേര്‍ക്കെതിരെ കേസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ‘മാമാങ്കം’ സിനിമയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിനിമയുടെ മുന്‍ സംവിധായകന്‍ സജീവ് പിള്ള അടക്കമുള്ളവര്‍ക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മ്മാണക്കമ്പനി നല്‍കിയ പരാതിയിലാണ് കേസ്.

സാമൂഹ്യമാധ്യമത്തില്‍ ഉള്‍പ്പെടെ സിനിമയ്‌ക്കെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചരണമാണു നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

പരാതിയിലെ പ്രധാന ഭാഗങ്ങള്‍: ‘ഒരേ കേന്ദ്രത്തില്‍ നിന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്താണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പൊലീസ് അന്വേഷിക്കേണ്ടതുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

55 കോടി രൂപയാണ് മാമാങ്കം സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്. ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുള്ളത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും.

മാമാങ്കം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘത്തിന്റെ കണ്ണിയായാണ് സജീവ് പിള്ള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഈ രണ്ട് വിഭാഗത്തിന്റെയും നീക്കങ്ങള്‍ അന്വേഷണ വിധേയമാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.’

എം. പത്മകുമാറാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ സിനിമ സംവിധാനം ചെയ്യുന്നത്. നേരത്തെ സജീവ് പിള്ളയുടെ സംവിധാനത്തിലായിരുന്നു ഒരുങ്ങിയിരുന്നത്. പിന്നീട് നിര്‍മാതാവ് വേണു കുന്നപ്പള്ളി ഇദ്ദേഹത്തെ മാറ്റി പത്മകുമാറിനെ സംവിധായകനാക്കുകയായിരുന്നു.

അതേസമയം, സജീവ് പിള്ളയുടെ പരിചയക്കുറവില്‍ വന്‍ നഷ്ടമാണ് ചിത്രത്തിനു സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നും വേണു കുന്നപ്പിള്ളി നേരത്തെ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരിചയക്കുറവും ഗുണമേന്മ ഇല്ലായ്മയും മൂലം പത്ത് കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സജീവ് പിള്ളയെ പുറത്താക്കിയതെന്നും വേണു പറഞ്ഞിരുന്നു.

ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞു.

തിരുനാവായ മണപ്പുറത്ത് സാമൂതിരിയുടെ പടയാളികളും വള്ളുവക്കോനാതിരിയുടെ ചാവേറുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ കഥയാണ് സിനിമ പറയുന്നത്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

We use cookies to give you the best possible experience. Learn more