ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ വ്യക്തിവിവരം വെളിപ്പെടുത്തിയ ആര്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 74 പ്രകാരമാണ് മുസാഫര്‍ നഗര്‍ പൊലീസ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിന് ഇരയായ കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാക്കുന്ന നിയമമാണിത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ആറ് മാസം തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കുന്നതാണ് നിയമം. വിഷ്ണുദത്ത് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്.
ഓഗസറ്റ് 24നാണ് മുസ്‌ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിക്കുന്ന വീഡിയോ പ്രചരിക്കപ്പെട്ടത്. മുസാഫര്‍നഗറിലെ നേഹ പബ്ലിക്ക് സ്‌കൂളിലായിരുന്നു സംഭവം നടന്നത്. അധ്യാപികയായ തൃപ്ത ത്യാഗിയായിരുന്നു സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കുട്ടിയുടെ വ്യക്തി വിവരം വെളിപ്പെടുത്തിയെന്നാണ് സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.
Content highlights: Police registered Case against Muhammed Zubair