| Friday, 27th July 2018, 6:05 pm

ഹനാനെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹനാനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വയനാട് സ്വദേശി നൂറുദ്ധീന്‍ ഷെയ്ഖിനെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഹനാനെ അധിക്ഷേപിച്ച് നൂറുദ്ധീന്‍ രംഗത്തെത്തിയത്.

ഇനിയും കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടി വരുമെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവര്‍ക്കെതിരെ ഹൈടെക് സെല്ലിന്റെ അന്വേഷണത്തിന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ ഉത്തരവിറക്കിയിരുന്നു.

Read:   വ്യാജപ്രചരണം നടത്തിയവര്‍ കുടുങ്ങും; ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുത്തു

ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഹനാനെ സംരക്ഷിക്കണമെന്നും എറണാകുളം ജില്ലാ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ ഹനാന് പിന്തുണയുമായി മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഹനാനെതിരെ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് പറഞ്ഞിരുന്നു.

കേരളം മുഴുവന്‍ ഹനാനെ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read:  ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദളിതര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരെ സമരം ചെയ്യും; ബി.ജെ.പിക്കെതിരെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകന്‍

വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇതിനോടകം കേസെടുത്തിട്ടുണ്ട്. ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണെന്നും എന്തും വിളിച്ചുപറയുന്നവരുടെ കേന്ദ്രമായി സോഷ്യല്‍ മീഡിയ മാറിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഹനാനെ നാളെ നേരില്‍ക്കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹനാന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്നും ജോസഫൈന്‍ പറഞ്ഞു

Latest Stories

We use cookies to give you the best possible experience. Learn more