കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിൽ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുത്തു. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് തിരുവനന്തപുരം മണ്ണന്തല പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സൂര്യനെല്ലി പീഡനക്കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് സിബി മാത്യൂസായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം നിര്‍ഭയം എന്ന പേരില്‍ അദ്ദേഹമെഴുതിയ പുസ്തകത്തില്‍ സൂര്യനെല്ലി പീഡനക്കേസിനെ കുറിച്ച് വിശദീകരിച്ചിരുന്നു.
2016 ലാണ് നിർഭയം എന്ന പുസ്തകം പുറത്തിറങ്ങിയത്. പുസ്തകത്തിൽ അതിജീവിതയുടെ പേര് പറയുന്നില്ലെങ്കിലും അതിലേക്ക് നയിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് കേസ്.
സിബി മാത്യൂസിനൊപ്പം സൂര്യനെല്ലി കേസിന്റെ അന്വേഷണസംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി കെ.കെ. ജോഷ്വ നൽകിയ പരാതിയിലാണ് കേസെടുക്കാൻ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയത്.
കെ.കെ. ജോഷ്വ നൽകിയ പരാതിയിൽ ആദ്യം കേസെടുക്കേണ്ടന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതിയിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. തുടർന്ന് പൊലീസ് സിബി മാത്യൂസിനെതിരെ കേസെടുക്കുകയായിരുന്നു.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന് ഐ.പി.സി 228 എ എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന വകുപ്പാണിത്.
1996 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യനെല്ലി സ്വാദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജനുവരി 16 മുതൽ 40 ദിവസം തുടർച്ചയായി നാല്പത്തിയഞ്ചോളം പേർ പല സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
Content Highlight: Police registered case against CB Mathews