ഇടുക്കി: ലൈംഗികാതിക്രമ ആരോപണത്തില്‍ നടന്‍ ബാബുരാജിനെതിരെ കേസ്. അടിമാലി പൊലീസാണ് നടനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.
ഡി.ഐ.ജിക്ക് ഇ-മെയില്‍ മുഖേനയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഈ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.
2019ല്‍ അടിമാലി ഇരുട്ട് കാനത്തുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തും വെച്ച് നടന്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിയെ തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് നടനെതിരെ പൊലീസ് കേസെടുത്തത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പരാതി നല്‍കാന്‍ യുവതി നേരത്തെ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് പരാതി നല്‍കാന്‍ ധൈര്യം നല്‍കിയെന്നും യുവതി പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, സുധീഷ് തുടങ്ങിയവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
കൂടാതെ സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയും ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ബംഗാളി അഭിനേത്രി നല്‍കിയ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഉയര്‍ന്ന ലൈംഗീകാരോപണങ്ങളില്‍ കമ്മിറ്റിയിലെ അംഗവും നടിയുമായ ശാരദ ആദ്യമായി പ്രതികരിച്ചിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മുമ്പും ഉണ്ടായിരുന്നെന്നും അന്ന് ആ കാര്യം ആളുകള്‍ പുറത്ത് പറഞ്ഞിരുന്നില്ലെന്നുമാണ് ശാരദ പറഞ്ഞത്.
ഇന്ന് പുതുതായി ഉണ്ടായതല്ല ഇതെന്ന് പറഞ്ഞ ശാരദ അഭിമാനം കരുതിയും ഭയം കാരണവുമാണ് ഒരു വിവരവും പുറത്തുവരാതിരുന്നതെന്നും പറഞ്ഞിരുന്നു. ഇന്നത്തെ വിദ്യാഭ്യാസമുള്ള തലമുറക്ക് ധൈര്യമുള്ളത് കൊണ്ടാണ് അവര്‍ തുറന്നു പറയാന്‍ തയ്യാറായതെന്നും ശാരദ പറഞ്ഞു.
Content Highlight: Police registered a physical assault case against actor Baburaj