സി.എ.എ പ്രതിഷേധങ്ങളില്‍ കോഴിക്കോടും കേസ്, നടപടി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം
Kerala News
സി.എ.എ പ്രതിഷേധങ്ങളില്‍ കോഴിക്കോടും കേസ്, നടപടി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2024, 2:41 pm

കോഴിക്കോട്: സി.എ.എ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കോഴിക്കോടും കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസുടുത്തിരിക്കുന്നത്.

ഐ.പി.സി 143, 145,147,149, 332, 353 തുടങ്ങിയ വകുപ്പുകളാണ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് തിങ്കളാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി എന്നീ സംഘടനകള്‍ സി.എ.എക്കെതിരെ പ്രതിഷേധം നടത്തിയത്.

ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.പി.എഫ് നടപടിയെടുത്തത്. 40 പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലവില്‍ ആര്‍.പി.എഫ് കേസെടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയിലെ ആകാശവാണിയിലേക്ക് നടത്തിയ പ്രതിഷേധത്തിലാണ് ഫ്രറ്റേണിറ്റി പ്രവത്തകര്‍ക്കെതിരെ കേസെടുത്തത്.

തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളില്‍ 124 പേര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എം.എസ്.എഫ്, ഫ്രറ്റേണിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നേരത്തെയും സി.എ.എക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇനിയും നടപ്പിലായിട്ടില്ല.

ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ഡി.വൈഎഫ്.ഐ ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്തു.

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അടിവരയിട്ട് പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സി.എ.എ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു.

Content Highlight: Police registered a case in Kozhikode in protests against the CAA Act