കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ് വെച്ചുകൊണ്ട് വീഡിയോ എടുത്ത് പ്രചരിപ്പിച്ച എസ്.എഫ്.ഐ നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ആലുവ എടത്തലയിലെ ചൂണ്ടി ഭാരത് മാത സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ ഭാരത് മാത കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ അവസാന വര്‍ഷ വിദ്യാര്‍ത്ഥി അദീന്‍ നാസറിനെതിരെ ക്യാമ്പസിലെ കെ.എസ്.യു പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.
മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ് വെക്കുകയും തുടര്‍ന്ന് അതിന്റെ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത എസ്.എഫ്.ഐ നേതാവ് ഗാന്ധിയെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ വിഷയത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി സമര്‍പ്പിച്ചെങ്കിലും യാതൊരു വിധത്തിലുള്ള നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാട്ടില്ലായെന്ന് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തിങ്കളാഴ്ച രാത്രിയോടെയാണ് തങ്ങള്‍ക്ക് പരാതി ലഭിച്ചതെന്നും പ്രതിയെ സ്റ്റേഷനില്‍ വിളിപ്പിച്ച് മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അദീന്‍ നാസര്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനനുസരിച്ച് വിഷയത്തില്‍ കൂടുതലായി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പ്രതിക്കെതിരെ ഐ.പി.സി 183, 423 പ്രകാരം കേസെടുത്തതായും പൊലീസ് വ്യക്തമാക്കി. അദീന്‍ നാസറിനെതിരെ സംഘടന തലത്തില്‍ നടപടിയെടുക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Police registered a case against the SFI leader on the complaint of insulting Gandhi