തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിന്റെ യാത്രക്കിടയിൽ പ്രതിഷേധിച്ചവരെ നിയമവിരുദ്ധമായി നേരിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനെതിരെയും എസ്കോർട്ട് ഉദ്യോഗസ്ഥനെതിരെയും കേസെടുത്ത് പൊലീസ്. ആലപ്പുഴ കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തത്.
ഗൺമാനായ തിരുവനന്തപുരം സ്വദേശി കല്ലിയൂർ കാർത്തികയിൽ അനിൽ കുമാറിനെതിരെയും എസ്കോർട്ട് ഉദ്യോഗസ്ഥൻ എസ്. പൊറ്റക്കുഴി സന്ദീപിനെതിരെയുമാണ് പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധക്കരെ അസഭ്യം പറയുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. സംഭവം കഴിഞ്ഞ് ഒരു ആഴ്ചക്ക് ശേഷമാണു പൊലീസ് വിഷയത്തിൽ നടപടിയെടുക്കുന്നത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരെ മർദിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കൃത്യത്തിൽ പരസ്പരം സഹായിച്ചെന്നും മർദനത്തിന് പ്രോത്സാഹനം നൽകിയെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ നിയവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കരെ മർദിച്ചതിൽ ഗൺമാൻ നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനിടെയാണ് കോടതിയുടെ ഇടപെടൽ.
Content Highlight: Police registered a case against the chief minister’s gunman