കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്.
എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയല്‍ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയിന്മേലാണ് കേസ്. നാട്ടുകാല്‍ പൊലീസാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
153 എ (1) ( രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍), ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ ജാമ്യമില്ലാ വകുപ്പാണ്.
പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അന്‍വര്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്.
‘രാഹുലിന്റെ ഡി.എന്‍.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നും ഗാന്ധി എന്ന പേര് കൂടെ ചേര്‍ക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍’ എന്നുമാണ് അന്‍വര്‍ പറഞ്ഞത്. മാത്രമല്ല ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അംഗമാണോ രാഹുല്‍ എന്ന് സംശയമുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു.
വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
Content Highlight: Police registered a case against PV Anwar made insulting remarks against Rahul Gandhi