| Monday, 28th October 2024, 8:24 am

തെരഞ്ഞെടുപ്പ് ചട്ടലംഘനം; ദിഗ്‌വിജയ് സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.പി ദിഗ്‌വിജയ് സിങ്ങിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ കേസെടുത്ത് പൊലീസ്. പാര്‍ട്ടി സമ്മേളനത്തിനായി മൊറോന-ശിവ്പുരി ഹൈവേ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കേസ്. ഫ്‌ളൈയിങ് സര്‍വൈലന്‍സ് ടീം ഇന്‍ചാര്‍ജ് ദിനേഷ് കുമാര്‍ ചന്ദേരിയ നല്‍കിയ പരാതിയിലാണ് നടപടി.

മാണ്ഡി ക്യാമ്പസില്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന വ്യാജേന ഹൈവേയില്‍ പൊതുസമ്മേളനം വിളിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നാണ് എഫ്.ഐ.ആര്‍.

ദിഗ്‌വിജയ് സിങ്ങിന് പുറമെ മധ്യപ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് മേധാവി ജിതു പട്വാരി, വിജയ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മുകേഷ് മല്‍ഹോത്രയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഭന്ദര്‍ എം.എല്‍.എ ഫൂല്‍ സിങ് ബരായ, നിയസമഭാ പ്രതിപക്ഷ ഉപനേതാവ് ഹേമന്ത് കടാരെ, പ്രാദേശിക നേതാവ് ഹരികിഷന്‍ കുശ്വാഹ എന്നിവരുടെ പേരുകളും എഫ്.ഐ.ആറിലുണ്ട്.

ബി.എന്‍.എസ് സെക്ഷന്‍ 126 (2) (പൊതുനിരത്തില്‍ ജനങ്ങളെ തടസപ്പെടുത്തുക), 223 (പൊതുനിര്‍ദേശത്തോടുള്ള അനുസരണക്കേട്), 285 (പൊതുവഴി തടസപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ കോണ്‍ഗ്രസ് എം.എൽ.എയായിരുന്ന റാവത്ത് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഈ ഒഴിവിലേക്കാണ് വിജയ്പുര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

നവംബര്‍ 13ന് വിജയ്പുര്‍, ഷിയോപൂര്‍, ബുധ്നി എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.

കഴിഞ്ഞ ദിവസം ദിഗ്‌വിജയ് സിങ്, പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗ്ഹാര്‍, ഹേമന്ത് കതാരെ എന്നിവര്‍ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാംനിവാസ് റാവത്തിന്റെ പഴയ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് എഫ്.ഐ.ആര്‍.

Content Highlight: Police registered a case against Digvijay Singh for violation of election rules

Latest Stories

We use cookies to give you the best possible experience. Learn more