ശബരിമല: കഴിഞ്ഞ ദിവസം സന്നിധാനത്ത് അപ്രതീക്ഷിതമായി അരങ്ങേറിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതില്‍ അറസ്റ്റിലായത് 65 പേര്‍. ആയിരക്കണക്കിന് അയ്യപ്പ ഭക്തര്‍ സമാധാനപരമായി ദര്‍ശനം നടത്തി മടങ്ങുന്ന സാഹചര്യത്തില്‍ സന്നിധാനത്ത് ബഹളമുണ്ടാക്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ ആയിരക്കണക്കിന് ഭക്തരാണ് കഴിഞ്ഞ ദിവസം ദര്‍ശനം പൂര്‍ത്തിയാക്കി ശാന്തരായി മടങ്ങിപ്പോയത്. എന്നാല്‍ രാത്രി വൈകി സന്നിധാനത്തു നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാളികപ്പുറത്തു വിരിവയ്ക്കാന്‍ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടര്‍ന്നാണു രാത്രി പ്രതിഷേധം നടന്നത്. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്.
ആയിരക്കണക്കിന് ഭക്തന്‍മാര്‍ വരുന്ന ക്ഷേത്രമാണ് ശബരിമല. ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും പൊലീസ് ചെയ്തുകൊടുത്തിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേക ആളുകളെ മാത്രമാണ് പൊലീസ് പരിശോധിക്കുന്നതും വിലക്കേര്‍പ്പെടുത്തുന്നതും. അതെന്തുകൊണ്ടാണ് എന്ന് ചിന്തിക്കുന്ന ആളുകള്‍ക്ക് മനസിലാകുകയും ചെയ്യുമെന്ന് എസ്.പി യതീഷ് ചന്ദ്ര വ്യക്തമാക്കി.
നൂറോളം പേരെയാണു രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. എന്നാല്‍ 65 പേര്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ രാവിലെ പത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റും.
ഇവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ച് പൊലീസ് വാഹനത്തില്‍ മണിയാര്‍ എആര്‍ ക്യാംപിലേക്കു കൊണ്ടുപോയി. പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവരെ ക്യാംപിലേക്കു കൊണ്ടുവന്നത്. അപ്പോള്‍ മുതല്‍ ക്യാംപിനു പുറത്ത് നാമജപപ്രതിഷേധം നടത്തുന്നുണ്ട്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തും.