| Monday, 18th March 2019, 8:30 am

നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീടാക്രമിച്ചെന്ന പരാതി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസെടുത്തു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന  പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

എനിക്ക് റോഷന്‍ ആന്‍ഡ്രൂസില്‍ നിന്നും ഭീഷണിയുണ്ടെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും ആല്‍വില്‍ ജോണ്‍ ആന്റണി
പറഞ്ഞു.

നാല്‍പ്പത് ഗുണ്ടകളുമായി വന്നാണ് റോഷന്‍ ആന്‍ഡ്രൂസ് ആക്രമിച്ചത്. ഞാന്‍ അവിടെ ഇല്ലായിരുന്നു. വീട്ടില്‍ മമ്മിയും ഡാഡിയും എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു. അനുജത്തിക്ക് പന്ത്രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് കൂടുതല്‍ ആക്രമിച്ചത്. എന്റെ മമ്മിയെ അവര്‍ തള്ളിയിട്ടു. അത്രയ്ക്ക് ഭീകരാന്തരീക്ഷമാണ് വീട്ടില്‍ അവര്‍ സൃഷ്ടിച്ചതെന്നും ആല്‍വിന്‍ ജോണ്‍ ആന്റണി വ്യക്തമാക്കി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആല്‍വിന്‍ ജോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Read Also : നിസ്‌കാര നിര കൊണ്ട് എംബ്ലം വരച്ച് ന്യൂസിലാന്റ്; ഭീകരാക്രമണത്തിലെ ഇരകളെ ചേര്‍ത്ത് പിടിച്ച് ക്രിക്കറ്റ് താരം വില്ല്യംസണും

റോഷന്‍ തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം ഒരു പെണ്‍കുട്ടിയാണെന്നും അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നും ആല്‍വിന്‍ പറയുന്നു. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞെന്നും ഞാന്‍ അനുസരിക്കാതെ വന്നപ്പോള്‍ അത് വൈരാഗ്യമായി മാറിയെന്നും ആല്‍വിന്‍ ജോണ്‍ പറയുന്നു.

“എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്. ഇനി മറ്റൊരു കാര്യം ഞാന്‍ മയക്കു മരുന്നിന് അടിമയാണെന്നല്ലേ അദ്ദേഹം പറഞ്ഞത്. എനിക്ക് റോഷന്‍ ആന്‍ഡ്രൂസ് അയച്ച ഒരു സന്ദേശം ഇപ്പോള്‍ പുറത്ത് വിടുകയാണ്. എന്നെ അദ്ദേഹത്തിന് വലിയ കാര്യമാണെന്നും ഭാവിയില്‍ എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്നും അതില്‍ അദ്ദേഹം വാക്ക് നല്‍കുന്നു. അതില്‍ ആ പെണ്‍കുട്ടിയെക്കുറിച്ചും പരാമര്‍ശമുണ്ട്. നിങ്ങള്‍ക്ക് വായിച്ച് തീരുമാനിക്കാം. മോശക്കാരനായ എന്നെ പുറത്താക്കിയതാണെങ്കില്‍ അദ്ദേഹം എന്തിന് ഇത്തരത്തിലുള്ള ഒരു സന്ദേശം എനിക്ക് അയക്കണം. എനിക്ക് അദ്ദേഹത്തില്‍ നിന്നും ഭീഷണിയുണ്ട്. വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്”- ആല്‍വിന്‍ ജോണ്‍ ആന്റണി പറഞ്ഞു.

അതേസമയം റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെയും സുഹൃത്ത് നവാസിനെയും അക്രമിച്ചുവെന്ന പരാതിയിലാണ് കേസ്.

വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്നാണ് റോഷന്റെ വിശദീകരണം. ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

We use cookies to give you the best possible experience. Learn more