| Monday, 28th September 2020, 11:57 am

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിജയ് പി നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് 

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂട്യൂബിലെ അശ്ലീല പരാമര്‍ശത്തില്‍ വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ പൊലീസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകൂടി ചുമത്തിയിരിക്കുന്നത്.

വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്റ്റിന്റെ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്.

വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതിനെതിരെ ശക്തമായി ജനരോഷം ഉയര്‍ന്നിരുന്നു. ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരിമഷി ഒഴിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച്ച ഇയാള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.

വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more