കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.
എന്നാല്‍ ദൃശ്യങ്ങല്‍ വ്യാജമാണെന്നും തനിക്കെതിരെ സി.പി.ഐ.എം ഗൂഢാലോചന നടത്തിയെന്നും ആയിരുന്നു രാഘവന്റെ ആരോപണം. പിന്നീട് അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ കൃത്രിമം അല്ല എന്ന് തെളിഞ്ഞിരുന്നു.
ഒളിക്യാമറാ വിവാദത്തില്‍ അന്വേഷണ സംഘം എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സി.പി.ഐ.എമ്മും രാഘവനും ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി വാഹിദ് പറഞ്ഞിരുന്നു.
സംഭാഷണം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന ആരോപണം പൊലീസിന് നല്‍കിയ മൊഴിയില്‍ എം.കെ രാഘവന്‍ ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയാണ് സംഘം തെരഞ്ഞെടുപ്പു ചിലവുകളെക്കുറിച്ച് ചോദിച്ചതെന്നാണ് രാഘവന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. രാഘവന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട ടി.വി 9 ഹിന്ദി ചാനല്‍ മേധാവിയുടേയും റിപ്പോര്‍ട്ടറുടേയും മൊഴി രേഖപ്പെടുത്തും. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതി തീരുമാനിക്കട്ടെയെന്നുമായിരുന്നു എം.കെ രാഘവന്‍ പ്രതികരിച്ചത്.
ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും എം.കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങളാണ് ടി.വി 9പുറത്തുവിട്ടത്.
കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും രാഘവന്‍ പറയുന്നതായി വീഡിയോയിലുണ്ടായിരുന്നു.
അതേസമയം, ആരോപണങ്ങള്‍ രാഘവന്‍ തള്ളിയിരുന്നു. ടേപ്പ് വ്യാജമാണെന്നും സംഭാഷണങ്ങള്‍ ഡബ്ബ് ചെയത് ചേര്‍ത്തതാണെന്നുമായിരുന്നു രാഘവന്റെ വാദം.