കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.
എന്നാല്‍ ദൃശ്യങ്ങല്‍ വ്യാജമാണെന്നും തനിക്കെതിരെ സി.പി.ഐ.എം ഗൂഢാലോചന നടത്തിയെന്നും ആയിരുന്നു രാഘവന്റെ ആരോപണം. പിന്നീട് അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ കൃത്രിമം അല്ല എന്ന് തെളിഞ്ഞിരുന്നു.
ഒളിക്യാമറാ വിവാദത്തില്‍ അന്വേഷണ സംഘം എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സി.പി.ഐ.എമ്മും രാഘവനും ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി വാഹിദ് പറഞ്ഞിരുന്നു.
സംഭാഷണം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന ആരോപണം പൊലീസിന് നല്‍കിയ മൊഴിയില്‍ എം.കെ രാഘവന്‍ ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയാണ് സംഘം തെരഞ്ഞെടുപ്പു ചിലവുകളെക്കുറിച്ച് ചോദിച്ചതെന്നാണ് രാഘവന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. രാഘവന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട ടി.വി 9 ഹിന്ദി ചാനല്‍ മേധാവിയുടേയും റിപ്പോര്‍ട്ടറുടേയും മൊഴി രേഖപ്പെടുത്തും. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.