|

മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സി.പി.ഐ.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാന്‍സിസിനെതിരെ കേസെടുത്ത് പൊലീസ്. എസ്.ഡി.പി.ഐയുടെ പരാതിയില്‍ മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കെ.ടി. ജലീല്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഫ്രാന്‍സിസ് മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം കമന്റ് ചെയ്തത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിം സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കാണെന്നായിരുന്നു കമന്റ്.

‘മുസ്‌ലിങ്ങള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി അഞ്ച് നേരം പ്രാര്‍ത്ഥിച്ചാല്‍ മതി, അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി മുഴുവന്‍ നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത പോരായ്മകളും പരിഹാരം ഉണ്ടാവും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്’, ഫ്രാന്‍സിസിന്റെ കമന്റില്‍ പറയുന്നു.

അതേസമയം ഫ്രാന്‍സിസിന്റെ കമന്റ് വിവാദമായതോട ഫ്രാന്‍സിസിനെ തള്ളി സി.പി.ഐ.എം നേതൃത്വം രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിസിന്റെ നിലപാട് സി.പി.ഐ.എം നിലപാട് അല്ലെന്നും ആര്‍.എസ്.എസിന്റെയും കാസയുടെയും ആശയങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ വഴങ്ങരുതെന്നും മൂവാറ്റുപുഴ സി.പി.ഐ.എം പ്രസ്താവനയിറക്കിയിരുന്നു.

തൊട്ടുപിന്നാലെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം.ജെ. ഫ്രാന്‍സിസും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

മുസ്‌ലിം മതവിഭാഗത്തെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന തന്റെ കമന്റ് തീര്‍ത്തും തെറ്റായിപ്പോയെന്ന് പറഞ്ഞ അദ്ദേഹം ഈ കമന്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവന്‍ പേരോടും താന്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

‘ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയില്‍ എന്നില്‍ നിന്നും ഉയര്‍ന്നുവന്ന ഈ കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതുമൂലമാണ്. ഞാന്‍ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല.

കുറ്റവാളികള്‍ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്റെ പാര്‍ട്ടി നിലപാടിന് വിപരീതമായ നിലയില്‍ കമന്റ് വന്നതില്‍ ഞാന്‍ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു,’ എം.ജെ. ഫ്രാന്‍സിസ് ഫേസ്ബുക്കില്‍ എഴുതി.

Content Highlight: Police register case against CPIM area committee member for making hateful remarks against Muslims