| Monday, 8th April 2019, 7:59 am

ഒളിക്യാമറ വിവാദം: പൊലീസ് എം. കെ. രാഘവന്റെ മൊഴി രേഖപ്പെടുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹിന്ദി ചാനലായ ‘ടി.വി.9’ നടത്തിയ സ്റ്റിങ് ഓപ്പറേഷൻ തനിക്കെതിരെയുള്ള ഗൂഢാലോചന ആണെന്ന് കാണിച്ച് കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാർഥി എം.കെ.രാഘവൻ നൽകിയ പരാതിയിൽ അദ്ദേഹത്തിന്റെ മൊഴിയെടുത്തത് പൊലീസ്. എം.കെ. രാഘവന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടവയാണ് എന്ന് എം.കെ. രാഘവൻ മൊഴി നൽകിയെന്നാണ് സൂചന. സി.പി.ഐ.എമ്മും രാഘവനും നൽകിയ പരാതിയിന്മേലാണ് മൊഴി രേഖപ്പെടുത്തുന്നത്.

നേരത്തെ, ഒളിക്യാമറ വിവാദത്തില്‍ എം.കെ. രാഘവന് പൊലീസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു. പരാതിയിൽ മൊഴി നൽകാനായി രാഘവൻ ഹാജരാകാതെ ഇരുന്നതിനാലാണ് വീണ്ടും നോട്ടീസ് അയക്കാൻ പൊലീസ് തീരുമാനിച്ചത് . ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതി അനുസരിച്ച് മൊഴി നൽകാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

ഹിന്ദി വാർത്ത ചാനലായ ‘ടി.വി. 9’ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രാഘവൻ തന്റെ പരാതി സമർപ്പിച്ചത്. സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടം ലംഘിച്ചെന്നും ആരോപിച്ചുകൊണ്ട് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ എം.കെ. രാഘവനെതിരെ ബി.ജെ.പിക്കും പരാതി നൽകിയിട്ടുണ്ട്.

ദൃശ്യങ്ങൾ ആധികാരികം ആണോ വ്യാജമാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണ ടീക്കാറാം മീണ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. മീണയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുവിട്ട ദൃശ്യങ്ങളുടെ യഥാര്‍ഥ വീഡിയോ ഹാജരാക്കാൻ ചാനലിനോട് ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more