[]തൃശൂര്‍: കാതിക്കുടം നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിനെതിരെ പോലീസ് ലാത്തി ചാര്‍ജ്. കമ്പനിക്കെതിരെ ഉപരോധ സമര നടത്തിയ സ്ത്രീകളും കുട്ടികളുമടങ്ങന്ന നാട്ടുകാരെ പോലീസ് ഭീകരമായി ലാത്തി ചാര്‍ജ് നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.[]
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കറ്റിട്ടുണ്ട്. കമ്പനിക്കെതിരെ അഞ്ച് വര്‍ഷമായി പ്രദേശവാസികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ചാലക്കുടിപ്പുഴയിലേക്ക് കമ്പനിയുടെ മാലിന്യം തള്ളിവിടുന്ന പൈപ്പ് വലിച്ചൂരാനായിരുന്നു സമരക്കാരുടെ തീരുമാനം. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ പൈപ്പ് ഊരിമാറ്റി സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു.
സമരപരിപാടി നേരത്തേ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. ഇതിനെ തുടര്‍ന്ന് കമ്പനിക്ക് നേരെ മാര്‍ച്ച് നടത്താന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നു. സമര ഉദ്ഘാടനത്തിന് ശേഷം ഉപരോധ സമരം ആരംഭിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയതിന് ശേഷമാണ് പോലീസ് സമരക്കാര്‍ക്ക് നേരെ വേട്ടയാടല്‍ നടത്തിയത്.
കാര്യമായ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയത്. വളരെ ആസൂത്രിതമായ നീക്കമായിരുന്നു അത്.
സമാധാനപരമായി മുദ്രാവാക്യം വിളിയും പ്രസംഗങ്ങളും മറ്റുമായി ഉപരോധം നടക്കുന്നതിനിടെ സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്ത് മാറ്റാന്‍ പൊലീസ് തീരുമാനിച്ചു.
ഇതിന്പിറകെ സമരത്തിന് നേതൃത്വം കൊടുക്കാന്‍ പുറത്ത് നിന്നെത്തിയ നേതാക്കളെയും അറസ്റ്റ് ചെയ്തു.ഇതിന് ശേഷം സ്ഥലത്തുണ്ടായിരുന്നത് പ്രദേശവാസികളും സമരസമിതി നേതാക്കന്‍മാരുമായിരുന്നു.
നൂറോളം ബൈക്കുകള്‍ പോലീസ് അടിച്ചുപൊളിച്ചു. സമരസമിതി നേതാക്കളെ പോലീസ് തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. സമീപത്തെ വീടുകളില്‍ കയറി നിരപരാധികളെ വളഞ്ഞിട്ട് തല്ലി.
നാട്ടുകാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിറകെയെത്തി ഇവരെ അടിച്ചൊതുക്കുകയായിരുന്നു. സമീപത്തെ വഴികളിലൂടെ നടന്നുപോകുകയായിരുന്ന യാത്രക്കാരെ വരെ പോലീസ് തല്ലിയോടിച്ചു. സമരപ്പന്തല്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, സി.ആര്‍. നീലകണ്ഠന്‍, സാറാ ജോസഫ് തുടങ്ങിയവര്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനെത്തിയിരുന്നു.
അതേസമയം സമരം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ഡി.ജി.പി യോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
എന്‍.ജി.ഐ.എല്‍ കമ്പനിയുടെ ഉത്പാദന പ്രക്രിയകള്‍ക്കായി വന്‍തോതില്‍ ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം കൊള്ളയടിക്കുകയും ശേഷമുള്ള മലിനജലം അതേ പുഴയിലേക്ക് തിരിച്ച് ഒഴുക്കി വിടുകയും ചെയ്യുന്ന നടപടിക്കെതിരെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തു വന്നത്.
പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താലാചരിക്കാന്‍ സമരസമിതി ആഹ്വാനം ചെയ്തു.
ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കാലിക്കറ്റ് സര്‍വകലാശാല അറിയിച്ചു.