| Sunday, 5th March 2023, 1:42 pm

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ഏഷ്യാനെറ്റ് ഓഫീസിൽ പൊലീസ് പരിശോധന. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ വി. സുരേഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്. പി.വി അൻവർ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.

പൊലീസിന്റെ പ്രത്യേക അധികാരം ഉപയോ​ഗിച്ചാണ് പരിശോധന നടത്തുന്നതെന്ന് അസി. കമ്മീഷണർ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പരിശോധന മൂലം തങ്ങളുടെ രണ്ടു മണിക്കൂർ നഷ്ടമായെന്നും ജോലി തടസപ്പെട്ടെന്നും കോഴിക്കോട് റീജിയണൽ എഡിറ്റർ ഷാജഹാൻ പറഞ്ഞു.

പരിശോധന മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാ​ഗമാണെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു. ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതിനെതിരായ വാർത്തയാണ് നൽകിയത്. ഇതിൽ സി.പി.ഐ.എമ്മിനെ ചൊടിപ്പിക്കുന്നത് എന്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിയുപയോഗത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരു വാർത്ത നൽകി. ആ പരമ്പരയെ മുഖ്യമന്ത്രിയടക്കം അഭിനന്ദിച്ചതുമാണ്.എന്തുമാകാമെന്ന ഫാസിസമാണ് കേരളത്തിൽ നടക്കുന്നത്. ലഹരിയുമായി ബന്ധപ്പെട്ട പോക്സോ കേസാണ് അതിനാൽ കുട്ടിയെ കാണിക്കാൻ സാധിക്കില്ല. ആ കുട്ടിയുടെ അച്ഛൻ വരെ കാര്യം വിശദീകരിച്ചു. എന്തിനാണ് ഇങ്ങനെ സി.പി.ഐ.എം അസ്വസ്ഥപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പരിശോധനയെ വിമർശിച്ച് രം​ഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിൻറെ കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണെന്നും ഇത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടക്കുന്ന പരാതിയും പരിശോധനയും ഫാസിസത്തിൻറെ ഏറ്റവും ക്രൂരമായ രൂപമാണെന്ന്
എം.എൽ.എ കെ.കെ രമയും പ്രതികരിച്ചു.

ഭരണകൂടത്തിൻറെ വിവിധ ഏജൻസികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്നാണ് എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ പ്രതികരണം. സർക്കാരിൻറെ അറിവോടും ഒത്താശയോടും കൂടിയാണ് കൊച്ചി ഓഫീസിൽ നടന്ന എസ്.എഫ്.ഐയുടെ അക്രമമെന്നത് ഉറപ്പിക്കുന്നതാണ് ഇന്നത്തെ പൊലീസിൻറെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Police raid at Kozhikode Asianet office

We use cookies to give you the best possible experience. Learn more